
രക്തസാക്ഷികളുടെ പേരിൽ സി.പി.എം. സമാഹരിക്കുന്ന ഫണ്ട് കൊലയാളികളെ സംരക്ഷിക്കാനും അവർക്ക് പോക്കറ്റ് മണി നൽകാനുമാണ് ഉപയോഗിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് ആരോപിച്ചു. കാസർകോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്തസാക്ഷിത്വത്തെ വെറും പണസമാഹരണ ഉപാധിയായി സി.പി.എം. മാറ്റിയെന്നും പരോളിലിറങ്ങുന്ന ക്രിമിനലുകൾ അത് ആഘോഷമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതികൾക്ക് പരോൾ അനുവദിക്കുന്നത് സർക്കാരിന്റെ അധികാര ദുർവിനിയോഗമാണെന്നും ഇത് ക്രിമിനലുകൾക്കൊപ്പം നിൽക്കുന്നതിന്റെ തെളിവാണെന്നും ജനീഷ് കൂട്ടിച്ചേർത്തു. മുതിർന്ന നേതാവ് മണിശങ്കർ അയ്യരെയും ജനീഷ് രൂക്ഷമായി വിമർശിച്ചു. ബി.ജെ.പി.ക്കും സി.പി.എമ്മിനും വേണ്ടി തിരഞ്ഞെടുപ്പ് സമയത്ത് രംഗപ്രവേശം ചെയ്യുന്ന ഡബിൾ ഏജന്റാണ് അയ്യർ. പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്ന ‘കട്ടപ്പ’യായി അദ്ദേഹം മാറിയെന്നും കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ജനീഷ് പറഞ്ഞു.
Also Read:കേരളം വീണ്ടും പോളിംഗ് ബൂത്തിലേക്ക്; തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് പകുതിയോടെ പുറത്തിറങ്ങും
മണിശങ്കർ അയ്യരല്ല, മറിച്ച് പാർട്ടിക്കായി ജീവൻ നൽകിയ രക്തസാക്ഷികളാണ് കോൺഗ്രസ് പ്രവർത്തകരുടെ മാതൃകയെന്ന് അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് നേതാക്കളായ ജോമോൻ ജോസ്, കാർത്തികേയൻ പെരിയ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
The post മണിശങ്കർ അയ്യർ പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്ന ‘കട്ടപ്പ’! ഒ.ജെ. ജനീഷ് appeared first on Express Kerala.


