
തെലുങ്ക് സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു കൊണ്ട് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ‘മന ശങ്കര വര പ്രസാദ് ഗാരു’ കുതിക്കുന്നു. തീയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രം ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമായ സീ5ലും (ZEE5) സമാനതകളില്ലാത്ത നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒടിടി റിലീസിന്റെ ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ പേർ കണ്ട തെലുങ്ക് ചിത്രമെന്ന ഖ്യാതിയാണ് ഈ അനിൽ രവിപുടി ചിത്രം നേടിയത്. വെറും അഞ്ച് ദിവസത്തിനുള്ളിൽ 300 മില്യൺ സ്ട്രീമിംഗ് മിനിറ്റുകൾ പിന്നിട്ട ചിത്രം, ബാഹുബലി, ആർആർആർ തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ ഒടിടി റെക്കോർഡുകളെപ്പോലും വെല്ലുവിളിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.
റിലീസ് ചെയ്ത് 28 ദിവസത്തിനുള്ളിൽ 380 കോടിയിലധികം ആഗോള ഗ്രോസ്സ് നേടിയ ചിത്രം ഇതിനോടകം 70 കോടിയോളം ലാഭം വിതരണക്കാർക്ക് നൽകിക്കഴിഞ്ഞു. കേവലം ആറ് ദിവസം കൊണ്ട് ബ്രേക്ക് ഈവൻ പോയിന്റിലെത്തിയ ഈ ഫാമിലി എന്റർടൈനർ, നോർത്ത് അമേരിക്കയിൽ 3.5 മില്യൺ ഡോളർ എന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. ബുക്ക് മൈ ഷോ വഴി ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ട പ്രാദേശിക ഭാഷാ ചിത്രം എന്ന റെക്കോർഡും ഇപ്പോൾ ഈ ചിത്രത്തിന് സ്വന്തമാണ്. 15 ദിവസം കൊണ്ട് 3.6 മില്യൺ ടിക്കറ്റുകൾ വിറ്റഴിച്ച ചിത്രം “സംക്രാന്തികി വസ്തുന്നം” എന്ന സിനിമയുടെ 3.5 മില്യൺ റെക്കോർഡാണ് മറികടന്നത്.
Also Read: നിവിൻ പോളി – ബി ഉണ്ണികൃഷ്ണൻ ചിത്രം ‘പ്രതിഛായ’; മാസ് പൊളിറ്റിക്കൽ ട്രെയ്‌ലർ പുറത്ത്!
സംവിധായകൻ അനിൽ രവിപുടിയുടെ കരിയറിലെ തുടർച്ചയായ ഒൻപതാം ബ്ലോക്ക്ബസ്റ്റർ എന്ന അപൂർവ്വ നേട്ടവും ഈ ചിത്രം സമ്മാനിച്ചു. ‘സംക്രാന്തികി വസ്തുന്ന’ത്തിന് ശേഷം മറ്റൊരു ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ കൂടി നൽകിയതോടെ ബാക്ക്-ടു-ബാക്ക് ഹിറ്റുകളുടെ രാജാവായി അദ്ദേഹം മാറി. ചിരഞ്ജീവിക്കൊപ്പം ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയായി എത്തിയ ചിത്രത്തിൽ തെലുങ്ക് സൂപ്പർതാരം വെങ്കിടേഷ്, കാതറീൻ ട്രീസ, വിടിവി ഗണേഷ് എന്നിവരും പ്രധാന വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട്. സമീർ റെഡ്ഡിയുടെ ഛായാഗ്രഹണവും ഭീംസ് സിസിറോളിയോയുടെ സംഗീതവും ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു.
എല്ലാ വിതരണക്കാർക്കും വമ്പൻ ലാഭം സമ്മാനിച്ച ചിത്രം തെലുങ്ക് സംസ്ഥാനങ്ങളിൽ 5, 7, 14 എന്നീ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയായും മാറി. എസ്. കൃഷ്ണ, ജി. ആദി നാരായണ എന്നിവരുടെ രചനയിൽ ഒരുങ്ങിയ ഈ ചിത്രം ഇപ്പോഴും തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. വിഎഫ്എക്സ് വിഭാഗത്തിൽ ലവൻ, കുശൻ, നരേന്ദ്ര ലോഗിസ എന്നിവരുടെ മികവും പ്രൊഡക്ഷൻ ഡിസൈനർ എ.എസ്. പ്രകാശിന്റെ പ്രവർത്തനങ്ങളും ചിത്രത്തിന് മിഴിവേകി. ഒടിടിയിലെ ഈ വൻ കുതിപ്പ് തെലുങ്ക് സിനിമാ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
The post ബാഹുബലിയും ആർആർആറുമല്ല; ഒടിടി ലോകം കീഴടക്കി ചിരഞ്ജീവിയുടെ ‘മന ശങ്കര വര പ്രസാദ് ഗാരു’! appeared first on Express Kerala.


