
സിന്ധു നദി ജല ഉടമ്പടിയിൽ നിന്നുള്ള ഏകപക്ഷീയമായ പിൻമാറ്റത്തിന് പിന്നാലെ, പാകിസ്ഥാനിലേക്ക് നദികളിലൂടെ ഒഴുകുന്ന അധിക ജലം നിയന്ത്രിക്കാൻ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടക്കുന്നു. ‘ഓപ്പറേഷൻ സിന്ദൂറിന്’ ശേഷം രവി നദിയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് തടയാനുള്ള പ്രവർത്തനങ്ങൾ ഇന്ത്യ ശക്തമാക്കിയിരിക്കുകയാണ്. വേനൽക്കാലം ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ ഈ നീക്കം പാകിസ്ഥാനിൽ കടുത്ത ജലക്ഷാമത്തിനും മറ്റ് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും കാരണമായേക്കും.
പഞ്ചാബ്-ജമ്മു കശ്മീർ അതിർത്തിയിലുള്ള ഷാഹ്പുർകാണ്ടി അണക്കെട്ട് പൂർത്തിയാകുന്നതോടെ രവി നദിയിലെ ജലമൊഴുക്ക് പൂർണ്ണമായും നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. മാർച്ച് 31-നകം അണക്കെട്ടിന്റെ നിർമ്മാണ ജോലികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. നിലവിൽ കരാർ പ്രകാരം ഇന്ത്യ നൽകേണ്ടതില്ലാത്ത അധിക ജലം പാകിസ്ഥാനിലേക്ക് ഒഴുകിപ്പോകുന്നുണ്ട്. അണക്കെട്ട് പ്രവർത്തനസജ്ജമാകുന്നതോടെ ഈ ജലം കനാലുകൾ വഴി ജമ്മു കശ്മീരിലെയും പഞ്ചാബിലെയും കൃഷിഭൂമികളിലേക്ക് തിരിച്ചുവിടും. പ്രത്യേകിച്ച് വരൾച്ച ബാധിത ജില്ലകളായ കത്വ, സാംബ എന്നിവിടങ്ങളിലെ പതിനായിരക്കണക്കിന് ഹെക്ടർ ഭൂമിക്ക് ഇത് പ്രയോജനപ്പെടും.
Also Read: സ്ത്രീയുടെ പാന്റിന്റെ വള്ളി അഴിക്കുന്നത് ബലാത്സംഗ ശ്രമം! ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
1979-ൽ വിഭാവനം ചെയ്ത ഈ പദ്ധതിക്ക് 1982-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ശിലാസ്ഥാപനം നിർവ്വഹിച്ചത്. എന്നാൽ വിവിധ കാരണങ്ങളാൽ പതിറ്റാണ്ടുകളോളം മുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ 2008-ലാണ് വീണ്ടും സജീവമായത്. ഏകദേശം 3,394.49 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതിയിലൂടെ ജമ്മു കശ്മീരിലെ 32,173 ഹെക്ടറിലും പഞ്ചാബിലെ 5,000 ഹെക്ടറിലധികം സ്ഥലത്തും ജലസേചനം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
The post പാകിസ്ഥാന് ഇനി ദാഹിക്കും! രവി നദിയിലെ ഒഴുക്ക് തടയാൻ ഇന്ത്യ; ഇത് കനത്ത പ്രഹരം appeared first on Express Kerala.


