
ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലുള്ള മദനപ്പള്ളെയിൽ ഏഴുവയസ്സുകാരിയെ അയൽവാസി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. മുപ്പതുകാരനായ കുലവർധൻ എന്നയാളാണ് രണ്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം വെള്ളം നിറച്ച വീപ്പയിൽ മുക്കി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച മുതൽ കാണാതായ പെൺകുട്ടിക്കായി പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ പ്രതിയുടെ വീട്ടിലെ മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മദ്യത്തിന് അടിമയായ പ്രതി കൊലപാതകത്തിന് ശേഷം മൃതദേഹം രാത്രി മുഴുവൻ സ്വന്തം മുറിയിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു.
കുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയായ പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. പോലീസ് പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണ് വീപ്പയ്ക്കുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരതയ്ക്ക് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
Also Read: നാവികസേനാ വിവരങ്ങൾ പാകിസ്താന് കൈമാറി; രഹസ്യങ്ങൾ ചോർത്തിയ പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ
സംഭവത്തെ തുടർന്ന് പ്രകോപിതരായ നാട്ടുകാർ ദേശീയപാത ഉപരോധിക്കുകയും നഗരത്തിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. മണിക്കൂറുകളോളം നീണ്ടുനിന്ന പ്രതിഷേധത്തിനിടെ, പ്രതിയെന്ന് സംശയിക്കുന്ന കുലവർധനെ അടുത്തുള്ള തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. കുരുന്നിന് നേരെയുണ്ടായ ഈ ക്രൂരത പ്രദേശം മുഴുവൻ കനത്ത ദുഃഖത്തിലും പ്രതിഷേധത്തിലുമാക്കിയിരിക്കുകയാണ്.
The post ആന്ധ്രയിൽ ഏഴുവയസ്സുകാരിക്ക് നേരെ ക്രൂരത; പീഡിപ്പിച്ച ശേഷം മൃതദേഹം വീപ്പയിൽ തള്ളി appeared first on Express Kerala.


