
റമദാൻ മാസത്തിന് മുന്നോടിയായി വിപണിയിൽ പരിശോധന കർശനമാക്കി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. അളവിൽ കൃത്രിമം കാട്ടി ഉപഭോക്താക്കളെ കബളിപ്പിച്ച 12 സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നിയമനടപടി സ്വീകരിച്ചു. വാണിജ്യ മന്ത്രി ഒസാമ ബൂദായിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഉപഭോക്തൃ സംരക്ഷണം ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ, ടേബിൾ ക്ലോത്തുകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ പാക്കറ്റുകളിൽ രേഖപ്പെടുത്തിയതിനേക്കാൾ കുറഞ്ഞ അളവിലുള്ള ഉൽപ്പന്നങ്ങൾ വിറ്റതാണ് നടപടിക്ക് കാരണമായത്. നിയമലംഘനം നടത്തിയ കടകൾക്കെതിരെ പിഴയുൾപ്പെടെയുള്ള കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം, വിപണിയിൽ സാധനങ്ങളുടെ പൂഴ്ത്തിവെപ്പോ അനാവശ്യ വിലക്കയറ്റമോ നിലവിൽ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മിക്ക സ്ഥാപനങ്ങളും അംഗീകൃത വില നിലവാരം പാലിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
The post ഉപഭോക്താക്കളെ പറ്റിച്ചാൽ പണി കിട്ടും! കുവൈത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന appeared first on Express Kerala.


