
ഹൃദയമിടിപ്പ് നിലച്ചാലും തലച്ചോറിന്റെ പ്രവർത്തനം നിശ്ചിത സമയത്തേക്ക് കൂടി തുടരുമെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഹൃദയാഘാതം സംഭവിച്ച് ക്ലിനിക്കൽ മരണം സ്ഥിരീകരിച്ചതിന് ശേഷവും ചുറ്റും നടക്കുന്ന കാര്യങ്ങൾ തിരിച്ചറിയാൻ രോഗികൾക്ക് സാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. എൻ.വൈ.യു ലാംഗോൺ മെഡിക്കൽ സെന്ററിലെ ഡോ. സാം പാർനിയയുടെ നേതൃത്വത്തിൽ അമേരിക്കയിലെയും യുകെയിലെയും വിവിധ ആശുപത്രികളിൽ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഹൃദയസ്തംഭനത്തെ അതിജീവിച്ചവരിൽ 40 ശതമാനത്തോളം പേർക്കും ആ സമയത്തെ ചിന്തകളോ ഓർമ്മകളോ നിലനിന്നിരുന്നു എന്നത് മനുഷ്യശരീരത്തിന്റെ അതിജീവന ശേഷിയെയാണ് സൂചിപ്പിക്കുന്നത്.
ചികിത്സയ്ക്കിടെ മെഡിക്കൽ സ്റ്റാഫുകൾ തമ്മിൽ സംസാരിച്ച കാര്യങ്ങളും മുറിയിൽ നടന്ന സംഭവങ്ങളും കൃത്യമായി ഓർത്തെടുക്കാൻ പല രോഗികൾക്കും സാധിച്ചു എന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തി. തലച്ചോറിലെ സ്കാനിംഗിൽ ചിന്തയുമായും അവബോധവുമായും ബന്ധപ്പെട്ട തരംഗങ്ങളിൽ വലിയ മാറ്റങ്ങൾ പ്രകടമായതായും ‘റെസസിറ്റേഷൻ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. തലച്ചോറിന് മുമ്പ് കരുതിയിരുന്നതിനേക്കാൾ പ്രതിരോധശേഷിയുണ്ടെന്ന ഈ കണ്ടെത്തൽ, ഹൃദയാഘാതവുമായി ബന്ധപ്പെട്ട ചികിത്സകളിലും സി.പി.ആർ രീതികളിലും വലിയ മാറ്റങ്ങൾക്കും പുരോഗതിക്കും വഴിതെളിക്കുമെന്നാണ് കരുതപ്പെടുന്നത്.
The post ഹൃദയം നിലച്ചാലും ബോധം മറയില്ല! മരണത്തെ തൊട്ടുവരുന്നവരുടെ ഓർമ്മകൾക്ക് പിന്നിലെ ശാസ്ത്രം പുറത്ത് appeared first on Express Kerala.


