
വിശുദ്ധ റമദാൻ മാസത്തിന് തുടക്കമായതോടെ യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന 1440 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. തടവുകാർക്ക് തങ്ങളുടെ കുടുംബങ്ങളോടൊപ്പം ചേർന്ന് പുതിയൊരു ജീവിതം തുടങ്ങാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന തീരുമാനം. മോചിപ്പിക്കപ്പെടുന്നവരുടെ ശിക്ഷയുടെ ഭാഗമായുള്ള സാമ്പത്തിക ബാധ്യതകൾ കൂടി ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗൾഫ് രാഷ്ട്രങ്ങളിൽ റമദാൻ മാസത്തോടനുബന്ധിച്ച് നടക്കാറുള്ള ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തവരെയാണ് സാധാരണയായി ഇത്തരം മോചനത്തിനായി പരിഗണിക്കാറുള്ളത്. വരും ദിവസങ്ങളിൽ യുഎഇയിലെ മറ്റ് എമിറേറ്റുകളും സമാനമായ രീതിയിൽ ശിക്ഷാ ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ന് റമദാൻ വ്രതാനുഷ്ഠാനത്തിലേക്ക് കടന്നുകഴിഞ്ഞു. ഒമാനിൽ നാളെയാണ് റമദാൻ ഒന്ന്. നോമ്പ് കാലത്ത് കോടിക്കണക്കിന് രൂപയുടെ ജീവകാരുണ്യ പദ്ധതികളാണ് യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
The post റമദാൻ സമ്മാനമായി യുഎഇയുടെ കാരുണ്യം! 1440 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റിന്റെ ഉത്തരവ് appeared first on Express Kerala.


