
പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ആഴ്‌സണലിന് അപ്രതീക്ഷിത തിരിച്ചടി. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ വോൾവ്‌സിനോട് സമനില വഴങ്ങിയാണ് ഒന്നാം സ്ഥാനക്കാരായ ഗണ്ണേഴ്സ് പോയിന്റ് നഷ്ടപ്പെടുത്തിയത്. മോളിനക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി പിരിഞ്ഞു. മത്സരത്തിന്റെ ഭൂരിഭാഗം സമയവും രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്ന ശേഷമാണ് അവസാന നിമിഷം ആഴ്‌സണൽ വിജയം കൈവിട്ടത്. ബുക്കായോ സാക്കയിലൂടെയും പിയറോ ഹെൻകാപിയിലൂടെയും ലീഡ് നേടിയ ആഴ്‌സണലിന്, ഇഞ്ചുറി ടൈമിൽ വഴങ്ങിയ സെൽഫ് ഗോളാണ് വില്ലനായത്.
ഈ സമനിലയോടെ 27 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുമായി ആഴ്‌സണൽ പട്ടികയിൽ ഒന്നാമത് തുടരുന്നുണ്ടെങ്കിലും കിരീടം ഉറപ്പിക്കാൻ ഇനിയും വിയർപ്പൊഴുക്കേണ്ടി വരും. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി 53 പോയിന്റുമായി തൊട്ടുപിന്നാലെയുണ്ട്. തങ്ങളുടെ അടുത്ത മത്സരം സിറ്റി ജയിക്കുകയാണെങ്കിൽ ആഴ്‌സണലുമായുള്ള പോയിന്റ് വ്യത്യാസം വെറും രണ്ടായി കുറയും. വോൾവ്‌സിനെതിരെ എളുപ്പത്തിൽ ജയിക്കാമായിരുന്ന മത്സരം സമനിലയായത് ലീഗിന്റെ അവസാന ഘട്ടത്തിൽ ആഴ്‌സണലിന് വലിയ സമ്മർദ്ദമുണ്ടാക്കുമെന്നുറപ്പാണ്.
The post പടിക്കൽ കലമുടച്ച് ആഴ്‌സണൽ; വോൾവ്‌സിനോട് സമനില വഴങ്ങി ഗണ്ണേഴ്സ് appeared first on Express Kerala.


