
ബലാത്സംഗം എന്ന കുറ്റം തെളിയിക്കപ്പെടാൻ സ്ഖലനമല്ല, മറിച്ച് ലൈംഗികമായ കടന്നുകയറ്റത്തിനാണ് പ്രധാനമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി നിരീക്ഷിച്ചു. 20 വർഷം പഴക്കമുള്ള ഒരു കേസിൽ വിധി പ്രസ്താവിക്കവെയാണ് ജസ്റ്റിസ് നരേന്ദ്ര കുമാർ വ്യാസ് ഈ വ്യക്തത വരുത്തിയത്. ലിംഗം സ്ത്രീയുടെ ജനനേന്ദ്രിയത്തിന് മുകളിൽ വെക്കുന്നതോ, സ്ഖലനം സംഭവിക്കുന്നതോ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പ് പ്രകാരം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് കോടതി വിധിച്ചു.
2005-ൽ വിചാരണ കോടതി പ്രതിക്ക് ഏഴ് വർഷം തടവ് വിധിച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയിൽ നടന്ന അപ്പീൽ വാദത്തിനിടെ അതിജീവിച്ച പെൺകുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ നിർണ്ണായകമായി. പ്രതി തന്റെ സ്വകാര്യ ഭാഗം സ്ത്രീയുടെ സ്വകാര്യഭാഗത്ത് വെച്ചുവെന്നും എന്നാൽ മറ്റൊന്നും നടന്നില്ല എന്നും ഒരു ഘട്ടത്തിൽ പെൺകുട്ടി മൊഴി നൽകി. ഇത്തരത്തിൽ മറ്റ് എന്തെങ്കിലും നടന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് ബലാത്സംഗം എന്ന കുറ്റം തെളിയിക്കുന്നതിന് തടസ്സമാണെന്ന് കോടതി കണ്ടെത്തി.
കേസിലെ മെഡിക്കൽ തെളിവുകളും കോടതി വിശദമായി പരിശോധിച്ചു. പെൺകുട്ടിയുടെ കന്യാചർമ്മം തകർന്നിട്ടില്ലെന്നും ഡോക്ടർ മൊഴി നൽകിയിരുന്നു. ബലാത്സംഗം നടന്നതായി കൃത്യമായ അഭിപ്രായം പറയാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, നടന്നത് ബലാത്സംഗമല്ലെന്നും മറിച്ച് ‘ബലാത്സംഗ ശ്രമം’ ആണെന്നും കോടതി നിരീക്ഷിച്ചു.
പ്രതിയുടെ പ്രവർത്തികൾ കുറ്റകൃത്യത്തിനുള്ള തയ്യാറെടുപ്പും ശ്രമവുമായിരുന്നുവെന്ന് കോടതി വിലയിരുത്തി. അതിനാൽ, ഐ.പി.സി സെക്ഷൻ 376-ന് പകരം സെക്ഷൻ 375, 511 എന്നിവ പ്രകാരം ‘ബലാത്സംഗ ശ്രമത്തിനുള്ള’ കുറ്റം ചുമത്തി ശിക്ഷയിൽ മാറ്റം വരുത്തി. വിചാരണ കോടതി വിധിച്ച ഏഴ് വർഷം തടവ് ഹൈക്കോടതി മൂന്ന് വർഷവും ആറ് മാസവുമായി കുറച്ചു. ശേഷിക്കുന്ന ശിക്ഷ അനുഭവിക്കാൻ രണ്ട് മാസത്തിനുള്ളിൽ കീഴടങ്ങാനും പ്രതിയോട് കോടതി നിർദ്ദേശിച്ചു.
The post ബലാത്സംഗവും ബലാത്സംഗ ശ്രമവും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കി ഛത്തീസ്ഗഢ് ഹൈക്കോടതി; ശിക്ഷയിൽ ഇളവ് appeared first on Express Kerala.


