റാഞ്ചി: മന്ത്രവാദിയാണെന്ന് ആരോപിച്ച് യുവതിയേയും രണ്ട് മാസം പ്രായമുള്ള കുഞ്ഞിനേയും നാട്ടുകാർ ജീവനോടെ കത്തിച്ചുകൊന്നു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. ജ്യോതി സിങ്കു (32), രണ്ട് മാസം പ്രായമുള്ള മകൻ എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ ജ്യോതിയുടെ ഭർത്താവ് കോൽഹൻ സിങ്കു (40) ആശുപത്രിയിൽ ചികിത്സയിലാണ്.
ജ്യോതി സിങ്കു മന്ത്രവാദം ചെയ്യുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് ഒരു സംഘം ആളുകൾ രാത്രിയിൽ ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന മൂവർക്കും മേൽ പെട്രോളൊഴിച്ച് പ്രതികൾ തീ കൊളുത്തി. ജ്യോതിയും കുഞ്ഞും സംഭവസ്ഥലത്ത് തന്നെ മരിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കോൽഹന് ഗുരുതരമായി പൊള്ളലേറ്റത്. അക്രമികളിൽ നിന്ന് ഓടി രക്ഷപ്പെട്ട ഇദ്ദേഹം ബന്ധുവീട്ടിൽ അഭയം തേടുകയായിരുന്നു.
Also Read: പൂച്ചാക്കലിൽ കഞ്ചാവുമായി 24-കാരൻ പിടിയിൽ; എക്സൈസ് പിടിച്ചെടുത്തത് 2 കിലോഗ്രാം കഞ്ചാവ്
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, വധശ്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പന്ത്രണ്ടോളം പേർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഗ്രാമത്തിൽ കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ വൻ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
The post മന്ത്രവാദാരോപണം; യുവതിയേയും രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും ജീവനോടെ കത്തിച്ചു appeared first on Express Kerala.


