
ഇത് തീകൊണ്ടുള്ള കളിയാണ്. ആരും പിരിമുറുക്കം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഇത്തരമൊരു നീക്കം സംഭവിച്ചാൽ പ്രത്യാഘാതങ്ങൾ നല്ലതായിരിക്കില്ല…”
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് നടത്തിയ ഈ വാക്കുകൾ ഇന്ന് വെറും ഒരു മുന്നറിയിപ്പല്ല അത് ലോകശക്തികൾക്ക് മുന്നിൽ മുഴങ്ങുന്ന ഒരു തുറന്ന പ്രഖ്യാപനമാണ്. ഇറാനെതിരെ അമേരിക്ക വീണ്ടും സൈനിക ആക്രമണത്തിലേക്ക് നീങ്ങാൻ ശ്രമിച്ചാൽ, അത് ഒരു ചെറിയ “ഓപ്പറേഷൻ” ആയി ഒതുങ്ങില്ലെന്നും, അത് ഒരു മേഖലയെ മാത്രം ബാധിക്കുന്ന സംഭവമായി തീരില്ലെന്നും റഷ്യ വ്യക്തമാക്കുകയാണ്. സൗദി അറേബ്യയിലെ അൽ-അറേബ്യ ടെലിവിഷനുമായി നടത്തിയ അഭിമുഖത്തിലൂടെയാണ് ലാവ്‌റോവ് ഈ നിലപാട് ലോകത്തിനു മുന്നിൽ തുറന്നടിച്ച് പ്രഖ്യാപിച്ചത്. ജനീവയിൽ അമേരിക്കയും ഇറാനും തമ്മിൽ ചർച്ചകൾ നടന്നതിന് പിന്നാലെ ഇത്തരമൊരു പ്രസ്താവന പുറത്തുവന്നത്, ലോകം ഇപ്പോൾ നിൽക്കുന്നത് ഒരു നിർണായക ഘട്ടത്തിലാണ് എന്നതിന്റെ സൂചനയാണ്.
ലാവ്‌റോവിന്റെ വാക്കുകൾ ഇപ്പോൾ ആഗോള രാഷ്ട്രീയത്തിൽ ഒരു ഇടിമുഴക്കം പോലെയാണ് പതിക്കുന്നത്. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ വെറുമൊരു സൈനിക സമ്മർദ്ദമല്ല, മറിച്ച് ലോകത്തെ ഒരു വൻ ആണവ ദുരന്തത്തിന്റെ മുനമ്പിലേക്ക് തള്ളിവിടുന്ന കളിയാണെന്ന് അദ്ദേഹം തുറന്നടിച്ചു പറഞ്ഞു കഴിഞ്ഞു. കണക്കുകൂട്ടലുകൾ വെറും മിഥ്യാധാരണ മാത്രമാണെന്ന് റഷ്യ പച്ചയായി ഓർമ്മിപ്പിക്കുകയാണ്. നയതന്ത്രത്തിന്റെ മേശപ്പുറത്ത് ചർച്ചകൾ നടക്കുമ്പോഴും ഇറാന്റെ പരമാധികാരത്തിന് മേൽ കൈവെക്കാൻ ശ്രമിക്കുന്നത് ആഗോള സുരക്ഷാ പരിധിയിലേക്കുള്ള നഗ്നമായ കടന്നുകയറ്റമാണ്. പാശ്ചാത്യ ലോകം നിസ്സാരമായി കാണാൻ ശ്രമിക്കുന്ന ഈ ഭീഷണി യഥാർത്ഥത്തിൽ നിയന്ത്രണം വിട്ടു പോയിരിക്കുന്നു. ഇറാന്റെ കരുത്തിനെയും റഷ്യയുടെ മുന്നറിയിപ്പിനെയും വിലകുറച്ചു കാണുന്നവർ വലിയൊരു അഗ്നിപരീക്ഷയ്ക്കാണ് തുടക്കമിടുന്നതെന്ന സന്ദേശമാണ് ലാവ്‌റോവ് ഈ പ്രസ്താവനയിലൂടെ നൽകുന്നത്. കളി മാറുകയാണ്, ഇനിയുള്ള നീക്കങ്ങൾ പിഴച്ചാൽ അതിന്റെ പ്രത്യാഘാതം പാശ്ചാത്യലോകം മുഴുവൻ അനുഭവിക്കേണ്ടി വരും!
അതേസമയം, ഇത്തരം മുന്നറിയിപ്പുകൾ ഉയരുന്ന സമയത്താണ് ലോകത്തിന്റെ എണ്ണവ്യാപാരത്തിന്റെ ശ്വാസനാളമായ ഹോർമുസ് കടലിടുക്ക് വീണ്ടും ശക്തിപ്രകടനത്തിന്റെ വേദിയായി മാറുന്നത്. ലോകത്തെ ഞെട്ടിച്ചുകൊണ്ട്, റഷ്യയും ചൈനയും ഇറാനും കൈകോർത്ത് തങ്ങളുടെ അത്യാധുനിക യുദ്ധക്കപ്പലുകൾ ഈ തന്ത്രപ്രധാന കടൽപാതയിൽ അണിനിരത്തിയിരിക്കുന്നു. “മാരിടൈം സെക്യൂരിറ്റി ബെൽറ്റ് 2026” എന്ന പേരിൽ നടക്കുന്ന സംയുക്ത നാവിക അഭ്യാസം വെറുമൊരു പരിശീലനമല്ലെന്ന് ലോകം ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇത് ഒരു വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് ലോകം ഇനി ഒരാളുടെ തീരുമാനത്തിൽ മാത്രം നീങ്ങുന്ന കാലം അവസാനിക്കുകയാണെന്ന പ്രഖ്യാപനം.
Also Read: അമേരിക്കയെ തോൽപ്പിക്കാൻ ചൈനയുടെ ‘എണ്ണം’ പറഞ്ഞ തന്ത്രം; ആഴക്കടൽ ഇനി ആര് ഭരിക്കും?
റഷ്യൻ സ്റ്റെറെഗുഷി-ക്ലാസ് കോർവെറ്റ് ‘സ്റ്റോയിക്കി’ ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് നങ്കൂരമിട്ടതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഒമാൻ ഉൾക്കടലിലും വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലും നടക്കുന്ന അഭ്യാസങ്ങളുടെ ഭാഗമായി, സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുകയും സൈനിക സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് ഇറാനിയൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ലോകം ഇതിൽ നിന്ന് വായിക്കുന്നത് മറ്റൊരു യാഥാർത്ഥ്യമാണ്, ഇറാൻ ഇനി ഒറ്റപ്പെട്ട രാജ്യമല്ല. ഇറാനെ ഒറ്റപ്പെടുത്താമെന്ന് കരുതിയവർക്ക് മുന്നിൽ ഇപ്പോൾ വ്യക്തമായൊരു ചിത്രം തെളിഞ്ഞിരിക്കുന്നു: ഇറാന്റെ പിന്നിൽ ഇപ്പോൾ റഷ്യയും ചൈനയും ചേർന്ന ഒരു ശക്തമായ പിന്തുണാ അച്ചുതണ്ട് നിലകൊള്ളുന്നു. ഭീഷണികൾ കൊണ്ട് ഇറാനെ വഴിതിരിപ്പിക്കാമെന്ന ചിന്ത തന്നെ ഇനി കാലഹരണപ്പെട്ടതാണ്. കടലിൽ തന്നെ ശക്തിപ്രകടനത്തിലൂടെ മറുപടി നൽകുന്ന ഒരു രാഷ്ട്രമാണ് ഇറാൻ എന്ന സന്ദേശമാണ് ഇതിലൂടെ ലോകം കാണുന്നത്.
ഈ നാവിക നീക്കം നടക്കുന്നത് അതീവ നിർണായകമായ രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. ജനീവയിൽ നടക്കുന്ന അമേരിക്ക-ഇറാൻ ആണവ ചർച്ചകൾ പുരോഗമിക്കുമ്പോഴും, കരാർ ഉണ്ടാകാതെ പോയാൽ സൈനിക നടപടിയിലേക്ക് നീങ്ങാമെന്ന സൂചന അമേരിക്ക തുറന്നുവെച്ചിട്ടുണ്ട്. എന്നാൽ അതിന് മറുപടിയായി ഇറാൻ നൽകുന്ന സന്ദേശം വളരെ വ്യക്തമാണ് ഇറാൻ ഭീഷണികൾക്ക് മുന്നിൽ പിന്നോട്ടു പോകുന്ന രാജ്യമല്ല. “നിങ്ങളുടെ ബോംബുകൾ ഞങ്ങളെ തകർക്കില്ല; ഞങ്ങൾ ഭൂമിക്കടിയിലാണ്. നിങ്ങളുടെ കപ്പലുകൾ ഞങ്ങളെ ഭീഷണിപ്പെടുത്തില്ല ഞങ്ങൾ കടലിലും ശക്തരാണ്” എന്ന നിലപാട് ഇറാൻ വാക്കുകളിൽ മാത്രമല്ല, പ്രവർത്തിയിൽ കൂടി ലോകത്തിനു മുന്നിൽ തെളിയിക്കുകയാണ്. അതുകൊണ്ടുതന്നെ ഹോർമുസിലെ ഈ സംയുക്ത നാവിക അഭ്യാസം ഒരു പ്രതിരോധ പ്രഖ്യാപനമല്ല, മറിച്ച് ഇത് ഒരു ശക്തമായ രാഷ്ട്രീയ പ്രഖ്യാപനമാണ്. ഒരു സന്ദേശമാണ്. ഒരു മുന്നറിയിപ്പാണ്.
ഇതിനിടയിലാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ട പുതിയ ഉപഗ്രഹ ചിത്രങ്ങൾ ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു സത്യം തുറന്നുകാട്ടുന്നത്. ഇറാന്റെ സൈനിക രഹസ്യങ്ങളുടെ ഹൃദയഭാഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാർച്ചിൻ സൈനിക സമുച്ചയം തകർന്നുവെന്ന് പാശ്ചാത്യ ലോകം കരുതിയിരുന്നുവെങ്കിലും, പുതിയ ചിത്രങ്ങൾ പറയുന്നത് അതിൽനിന്ന് പൂർണ്ണമായും വ്യത്യസ്തമായ കഥയാണ്. തകർച്ചയുടെ അടയാളങ്ങൾക്കപ്പുറം, ഇറാൻ അവിടെ കൂടുതൽ കരുത്തോടെ പുനർനിർമാണത്തിലേർപ്പെട്ടിരിക്കുന്നതായി ഉപഗ്രഹ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായത്, നിർണായക സംവിധാനങ്ങളെ സംരക്ഷിക്കാൻ ഇറാൻ മണ്ണിനടിയിൽ ഒരു “സാർക്കോഫാഗസ്” പോലുള്ള കോൺക്രീറ്റ് കവചം നിർമ്മിക്കുന്നുവെന്ന സൂചനയാണ്. ആകാശ നിരീക്ഷണത്തെ പോലും വഞ്ചിക്കുന്ന രീതിയിൽ ഭൂമിക്കടിയിൽ തുരങ്കങ്ങളും സംരക്ഷിത ഘടനകളും ഒരുക്കി, ഭാവിയിലെ ആക്രമണങ്ങളെ പൂർണ്ണമായി വിഫലമാക്കുന്ന ഒരു തന്ത്രപരമായ പുനഃസംഘടനയാണ് ഇറാൻ അവിടെ നടപ്പിലാക്കുന്നത്.
പാർച്ചിനിൽ നടക്കുന്നത് വെറും പുനർനിർമാണമല്ല. ഇത് ഒരു പുതിയ യുദ്ധതന്ത്രത്തിന്റെ ജനനമാണ്. ഇറാൻ ഇനി തുറന്ന നിലത്തിൽ ഒന്നും വെച്ചുനിൽക്കുന്ന രാജ്യമല്ല. ആക്രമണം വന്നാലും തകർന്നുപോകാത്ത രീതിയിൽ സംവിധാനങ്ങളെ ഭൂമിക്കടിയിലേക്കും പർവതങ്ങളിലേക്കും മാറ്റുന്ന ഒരു രാജ്യമാണ്. ലോകം കരുതിയതുപോലെ ഇറാൻ പരാജയപ്പെട്ടിട്ടില്ല. ഇറാനിലെ മറ്റ് കേന്ദ്രങ്ങളിലും സമാനമായ മാറ്റങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇസ്ഫഹാൻ പോലുള്ള ആണവ സമുച്ചയങ്ങളിൽ തുരങ്ക പ്രവേശന കവാടങ്ങൾ മണ്ണിനടിയിൽ പൂർണ്ണമായി മറച്ചുവെച്ചതായി ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഇത് സാധാരണ സുരക്ഷാ നടപടിയല്ല, മറിച്ച് ഇത് ആക്രമണ സാധ്യതയെ നേരിടാനുള്ള “ആണവ കോട്ട” നിർമ്മാണമാണ്. നതാൻസിന് സമീപമുള്ള പർവത മേഖലകളിൽ ഹെവി ഉപകരണങ്ങളുടെ സാന്നിധ്യവും സിമന്റ് മിക്സറുകളും ഡംപ് ട്രക്കുകളും നീങ്ങുന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണം വന്നാൽ തകർത്തുകളയാൻ പറ്റാത്ത രീതിയിൽ പർവതങ്ങൾക്കുള്ളിൽ പോലും പ്രതിരോധം ഉറപ്പിക്കുന്നതിലൂടെ, ഇറാൻ നിലനിൽപ്പിനായി മാത്രം അല്ല, ഭാവിയിലെ ഏറ്റുമുട്ടലുകൾക്ക് മുൻകൂട്ടി തയ്യാറെടുക്കുകയാണ്.
Also Read:മദ്യത്തിന് പകരം മന്ത്രങ്ങളും കോഫിയും; ക്തിനിർഭരമായ ബീറ്റുകൾ സൗത്ത് ഏഷ്യൻ നൈറ്റ് ലൈഫ് മാറുന്നു!
ഈ ഭൂമിക്കടിയിലെ ശക്തിപ്രവർത്തനങ്ങളും കടലിലെ സംയുക്ത ശക്തിപ്രകടനവും ഒരുമിച്ച് വായിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ് ഇറാൻ ചരിത്രം തിരുത്തുകയാണ്. സമ്മർദ്ദങ്ങൾക്ക് കീഴടങ്ങുന്ന രാജ്യമാകാതെ, സമ്മർദ്ദത്തെ തന്നെ തന്ത്രമാക്കി മാറ്റുന്ന ശക്തിയായി ഇറാൻ വളരുകയാണ്. റഷ്യയും ചൈനയും തുറന്ന പിന്തുണയോടെ ഇറാനൊപ്പം അണിനിരക്കുമ്പോൾ, “ഇറാനെ ഒറ്റപ്പെടുത്താം” എന്ന കണക്കുകൂട്ടലുകൾക്ക് ഇനി നിലനിൽപ്പില്ല. പാശ്ചാത്യ ലോകം പ്രതീക്ഷിച്ച “ഇറാന്റെ വീഴ്ച” എന്ന ആശയം തന്നെ തകർന്നുപോകുകയാണ്.
ലാവ്‌റോവ് പറഞ്ഞതുപോലെ, ഇതൊരു സാധാരണ രാഷ്ട്രീയ തർക്കമല്ല. ഇത് തീകൊണ്ടുള്ള കളിയാണ്. ഒരു തെറ്റായ കണക്കുകൂട്ടൽ, ഒരു ആക്രമണം, ഒരു പ്രതികാരം’ ഇതെല്ലാം ചേർന്നാൽ അത് നിയന്ത്രണാതീതമായ പ്രതിസന്ധിയായി മാറും. എണ്ണവില കുതിച്ചുയരും, വ്യാപാര പാതകൾ തടസ്സപ്പെടും, ലോക സാമ്പത്തിക വ്യവസ്ഥ വരെ അതിന്റെ ആഘാതത്തിൽ വിറയ്ക്കും. അതുകൊണ്ടുതന്നെ റഷ്യ മുന്നോട്ട് വന്ന് തുറന്നടിച്ച് പറയുന്നത് ഒരേയൊരു കാര്യമാണ്, സംയമനം പാലിക്കണം, നയതന്ത്ര പരിഹാരത്തിലേക്ക് നീങ്ങണം. കാരണം അക്രമത്തിന്റെ വഴി ആരെയും രക്ഷിക്കില്ല. സമാധാനത്തിന്റെ പുകമറകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന നയതന്ത്രത്തിന്റെ കാലം കഴിഞ്ഞു. ഇനി വരാനിരിക്കുന്നത് അധികാരത്തിന്റെയും ആയുധബലത്തിന്റെയും വലിയൊരു ശക്തിപ്രകടനമായിരിക്കും. ലോകം ശ്വാസമടക്കിപ്പിടിച്ച് ആ ചക്രവാളത്തിലേക്ക് നോക്കുന്നത് വെറുതെയല്ല; കാരണം, പ്രതിരോധത്തിന്റെ ആ പേർഷ്യൻ കോട്ടയ്ക്ക് മുന്നിൽ ശത്രുവിന്റെ കണക്കുകൂട്ടലുകൾ ഓരോന്നായി പിഴയ്ക്കുകയാണ്. കൊല്ലാം… പക്ഷേ തോൽപ്പിക്കാനാവില്ല!” വിപ്ലവ നക്ഷത്രം ചെഗുവേര ലോകത്തിന് പകർന്നുനൽകിയ ഈ വാക്കുകൾ ഇന്ന് വെറുമൊരു വൈകാരിക പ്രസംഗമല്ല. അത് തോക്കിൻമുനയിൽ വിറയ്ക്കാത്ത, ഉപരോധങ്ങൾ കൊണ്ട് തളർത്താനാവാത്ത ഒരു ജനതയുടെ സിരകളിൽ പടരുന്ന പോരാട്ടവീര്യമാണ്. ചെഗുവേരയുടെ പോരാട്ടവീര്യം കടമെടുത്തുകൊണ്ട്, ആഗോള രാഷ്ട്രീയത്തിന്റെ ഭൂപടത്തിൽ ഇറാന്റെ പുതിയ ചരിത്രം ഇതാ ഇവിടെ തുടങ്ങുകയാണ്. ഇത് വെറുമൊരു മുന്നറിയിപ്പല്ല, സാമ്രാജ്യത്വത്തിന്റെ അഹങ്കാരത്തിന് നേരെ ഒരു ജനത നടത്തുന്ന ഉറച്ച ചുവടുവെപ്പാണ്!
വീഡിയോ കാണാം…
The post ഇത് തീകൊണ്ടുള്ള കളി! ഇറാനെ തൊട്ടാൽ പ്രത്യാഘാതം ഭീകരമായിരിക്കും; ഒപ്പം ചേർന്ന് റഷ്യയും ചൈനയും! ഹോർമുസ് കടലിടുക്കിൽ അണിനിരന്ന യുദ്ധക്കപ്പലുകൾ നൽകുന്ന സന്ദേശമെന്ത്? appeared first on Express Kerala.


