
അനാഥരായ കുട്ടികളുടെ ക്ഷേമവും സംരക്ഷണവും മുൻനിർത്തി അബുദാബിയിൽ ‘മദർ ഓഫ് ദി നേഷൻ’ എൻഡോവ്‌മെന്റ് പദ്ധതിക്ക് തുടക്കമായി. എൻഡോവ്‌മെന്റ്‌സ് ആൻഡ് മൈനേഴ്‌സ് ഫണ്ട്‌സ് അതോറിറ്റിയാണ് ഈ പുതിയ കാമ്പയിൻ പ്രഖ്യാപിച്ചത്. അനാഥരായ കുട്ടികൾക്ക് സുസ്ഥിരമായ സാമ്പത്തിക സഹായം ഉറപ്പാക്കുകയും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മാനുഷിക മൂല്യങ്ങളും ‘രാഷ്ട്രമാതാവ്’ ശൈഖ ഫാത്തിമ ബിന്ത് മുബാറക് മുന്നോട്ടുവെച്ച തത്വങ്ങളും ആസ്പദമാക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്നതിനായി സ്ഥിരമായ ഒരു വരുമാന സ്രോതസ്സ് കണ്ടെത്താൻ ഈ എൻഡോവ്‌മെന്റ് സഹായിക്കും. ദാനധർമ്മങ്ങളിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ ഈ നീക്കം നടത്തുന്നത്. പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ഔഖാഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ലളിതമായി സംഭാവനകൾ നൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Also Read: ഒമാനിൽ വ്യാജ കറൻസി നിർമ്മിച്ച പ്രവാസി പിടിയിൽ; ജാഗ്രത പാലിക്കാൻ നിർദ്ദേശം
സമാനമായ മുൻകാല കാമ്പയിനുകൾക്ക് വലിയ ജനപിന്തുണയാണ് യുഎഇയിൽ ലഭിച്ചിട്ടുള്ളതെന്ന് അതോറിറ്റി വ്യക്തമാക്കി. നേരത്തെ നടന്ന ഒരു ക്യാമ്പയിനിലൂടെ വെറും നാലാഴ്ചയ്ക്കുള്ളിൽ ഒരു ബില്യൺ ദിർഹം സമാഹരിക്കാൻ സാധിച്ചിരുന്നു. അന്ന് രണ്ട് ലക്ഷത്തിലധികം ആളുകളാണ് ആ കാരുണ്യപ്രവർത്തനത്തിൽ പങ്കാളികളായത്. പുതിയ എൻഡോവ്‌മെന്റ് പദ്ധതിക്കും സമാനമായ രീതിയിലുള്ള വലിയ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The post അനാഥരായ കുട്ടികൾക്ക് കൈത്താങ്ങായി അബുദാബി; ‘മദർ ഓഫ് ദി നേഷൻ’ പദ്ധതിക്ക് തുടക്കം appeared first on Express Kerala.


