
കോട്ടയം: കോട്ടയം ജില്ലാ ജയിലിൽ ദേഹപരിശോധനയ്ക്കിടെ തടവുകാരന് മർദനമേറ്റതായി പരാതി. തൃശ്ശൂർ ജയിലിൽ നിന്നും കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കുന്നതിനായി എത്തിച്ച ജോയ് (65) എന്ന പ്രതിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ജോയിയെ കോട്ടയത്ത് എത്തിച്ചത്. ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായുള്ള ദേഹപരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് ആരോപണം. എന്നാൽ പ്രതി അക്രമാസക്തനാകാൻ ശ്രമിച്ചപ്പോൾ തടയുക മാത്രമാണ് ചെയ്തതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. മർദനത്തിന് പിന്നാലെ പ്രതി ജയിലിനുള്ളിലെ ഗ്ലാസ് പൊട്ടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്‌തെന്നാണ് പറയുന്നത്.
Also Read: വയനാട് 41.5 ഗ്രാം രാസലഹരിയുമായി യുവാക്കൾ പിടിയിൽ
പരിക്കേറ്റ ജോയിയെ ആശുപത്രിയിൽ എത്തിക്കാൻ അധികൃതർ വൈകിയെന്ന ആരോപണമുണ്ട്. വൈകിട്ട് അഞ്ചരയോടെയാണ് പോലീസ് ജീപ്പിൽ ഇയാളെ കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജോയിയുടെ പുറത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. നിലവിൽ ഇയാൾ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
ജോയ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ബലപ്രയോഗമാണ് നടന്നതെന്നാണ് ജയിൽ അധികാരികൾ പറയുന്നത്. മുൻപും നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് ജോയ് എന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ജില്ലാ ആശുപത്രിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
The post കോട്ടയം ജില്ലാ ജയിലിൽ പ്രതിക്ക് മർദനമേറ്റതായി പരാതി; ആത്മഹത്യാ ശ്രമമെന്ന് അധികൃതർ appeared first on Express Kerala.


