
മുൻ ക്യാപ്റ്റൻ മെഗ് ലാനിംഗിനെ മറികടന്ന് അന്താരാഷ്ട്ര ടി20യിൽ ഓസ്‌ട്രേലിയയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ബഹുമതി ഓപ്പണർ ബെത്ത് മൂണി സ്വന്തമാക്കി. ഇന്ത്യക്കെതിരെ നടന്ന രണ്ടാം ടി20 മത്സരത്തിൽ 46 റൺസ് നേടിയതോടെയാണ് മൂണി ഈ ചരിത്ര നേട്ടത്തിലെത്തിയത്. നിലവിൽ 114 മത്സരങ്ങളിൽ നിന്നായി 41.85 ശരാശരിയിൽ 3,432 റൺസാണ് മൂണിയുടെ സമ്പാദ്യം. 3,405 റൺസുമായി മെഗ് ലാനിംഗ് പട്ടികയിൽ രണ്ടാമതാണ്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തി. 57 പന്തിൽ 88 റൺസ് അടിച്ചുകൂട്ടിയ ഓപ്പണർ ജോർജിയ വോളിന്റെ തകർപ്പൻ പ്രകടനമാണ് ആതിഥേയർക്ക് കരുത്തായത്. വോൾ തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടതും. ഇന്ത്യൻ നിരയിൽ അരുന്ധതി റെഡ്ഡി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
Also Read: കാനഡയെ തകർത്ത് അഫ്ഗാൻ! ഇബ്രാഹീം സദ്രാന്റെ വെടിക്കെട്ടിൽ 95 റൺസിന്റെ വൻ വിജയം
164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഓപ്പണർമാരായ ഷഫാലി വർമ്മ (29), സ്മൃതി മന്ദാന (31) എന്നിവർ ചേർന്ന് ഒന്നാം വിക്കറ്റിൽ 57 റൺസ് കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 36 റൺസെടുത്ത് പോരാടിയെങ്കിലും മധ്യനിര തകർന്നതോടെ ഇന്ത്യയുടെ ഇന്നിംഗ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 144 റൺസിൽ അവസാനിച്ചു. 19 റൺസിന്റെ വിജയത്തോടെ ഓസ്‌ട്രേലിയ പരമ്പരയിൽ 1-1ന് ഒപ്പമെത്തി.
ഓസ്‌ട്രേലിയൻ ബൗളർമാരിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആഷ്‌ലി ഗാർഡ്‌നറാണ് ഇന്ത്യൻ നിരയെ തകർത്തത്. കിം ഗാർത്ത്, അന്നബെൽ സതർലാൻഡ്, ക്യാപ്റ്റൻ സോഫി മോളിനക്സ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി. പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരം ഫെബ്രുവരി 21-ന് അഡ്‌ലെയ്ഡ് ഓവലിൽ നടക്കും.
The post മെഗ് ലാനിംഗിനെ മറികടന്ന് ബെത്ത് മൂണി; ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ടി20 റൺവേട്ടക്കാരി appeared first on Express Kerala.


