
തൃശ്ശൂർ: ഭൂമിയുടെ അവകാശരേഖ ശരിയാക്കി നൽകാൻ അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ പുന്നയൂർക്കുളത്ത് സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിലായി. തടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറായ എൻ.പി. വിനോദാണ് പിടിയിലായത്.
ഭൂമിയുടെ നികുതി അടയ്ക്കുന്നതിന് ആവശ്യമായ അവകാശരേഖ ശരിയാക്കി നൽകാനാണ് വിനോദ് ആദ്യം 5 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഈ വിലപേശലിന്റെ ദൃശ്യങ്ങൾ പരാതിക്കാരൻ തന്റെ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയിരുന്നു. അത്രയും തുക നൽകാനില്ലെന്ന് പറഞ്ഞപ്പോൾ മൂന്ന് ലക്ഷമായും പിന്നീട് രണ്ടര ലക്ഷമായും വിനോദ് തുക കുറച്ചു. പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ് സീറ്റിന് പിന്നിലേക്ക് ഇടണമെന്നും വിനോദ് പറയുന്നുണ്ട്. ഗത്യന്തരമില്ലാതെ പരാതിക്കാരൻ തൃശ്ശൂർ വിജിലൻസിനെ സമീപിക്കുകയായിരുന്നു. രണ്ടര ലക്ഷം രൂപയുണ്ടെന്ന് തോന്നിപ്പിക്കും വിധം നൂറിന്റെ നോട്ടുകൾ വിജിലൻസ് സഹായത്തോടെ പൊതിഞ്ഞെടുത്ത് വിനോദിന് കൈമാറുകയായിരുന്നു. പണം കൈപ്പറ്റുന്നതിനിടെ തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു.
The post അവകാശരേഖയ്ക്ക് അരലക്ഷം; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ appeared first on Express Kerala.


