
കെജിഎഫിന് ശേഷം സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന യഷ് ചിത്രം ‘ടോക്സികിന്റെ’ ടീസർ പുറത്തുവന്നതിന് പിന്നാലെ രസകരമായ ഒരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ആരാധകർ. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു ഡയലോഗ് വിജയ് ചിത്രം ‘ദി ഗോട്ടി’ൽ നിന്നുള്ളതാണെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.
ടോക്സിക് ടീസറിന്റെ അവസാന ഭാഗത്ത് യഷ് പറയുന്ന “It’s over when I say it’s over” എന്ന ഡയലോഗാണ് ചർച്ചകൾക്ക് വഴിമരുന്നിട്ടത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ‘ഗോട്ടി’ന്റെ പോസ്റ്റ് ക്രെഡിറ്റ് സീനിൽ വിജയ് അവതരിപ്പിച്ച ജീവൻ എന്ന കഥാപാത്രം “Game is over only when I say it’s over” എന്ന് പറയുന്നുണ്ട്. ഇതുകണ്ടതോടെ ‘വിജയ് അണ്ണൻ പണ്ടേ വിട്ടതാണിത്’ എന്ന തരത്തിലുള്ള ട്രോളുകളും കമന്റുകളുമായി ആരാധകർ രംഗത്തെത്തി. എന്നാൽ ‘ഇത് വെറുമൊരു സാമ്യം മാത്രമാണെന്നും രണ്ട് സിനിമകളുടെയും സ്വഭാവം വ്യത്യസ്തമാണെന്നും’ പറഞ്ഞ് യഷ് ആരാധകരും പ്രതിരോധം തീർക്കുന്നുണ്ട്.
Also Read: ‘ബീഫ് കഴിക്കാൻ പൊറോട്ട വേണ്ടേ?’; കേരള സ്റ്റോറി 2 ട്രെയിലറിനെ ട്രോളി ലക്ഷ്മി മേനോൻ
ടീസറിന്റെ അവസാനം തികച്ചും വ്യത്യസ്തമായ ലുക്കിൽ യഷ് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് താരം ഇരട്ട വേഷത്തിലാണോ എത്തുന്നതെന്ന ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഒരു സാധാരണ ആക്ഷൻ ചിത്രത്തിനപ്പുറം, ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വൽ ട്രീറ്റാണ് സംവിധായിക ഗീതു മോഹൻദാസ് ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. ആഗോള സ്വഭാവമുള്ള കഥയായതിനാൽ കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രം ഒരേസമയം ഒരുങ്ങുന്നത്. മറ്റ് പ്രധാന ഇന്ത്യൻ ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം നടത്തും. ഈ വർഷം മാർച്ച് 19-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം യഷിന്റെ കരിയറിലെ 19-ാം സിനിമയാണ്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
The post യഷ് പറഞ്ഞത് വിജയ് സ്റ്റൈലോ? ‘ഗോട്ടിന്’ പിന്നാലെ ‘ടോക്സിക്കിലും’ ഒരേ ഡയലോഗ്, കോപ്പിയടിയെന്ന് ആരാധകർ! appeared first on Express Kerala.


