
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) രംഗത്തെത്തി. ബിജെപിയുമായി ചേർന്ന് ഡിഎംകെയ്‌ക്കെതിരെ പ്രവർത്തിക്കാൻ വിജയ്‌ക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നുവെന്നും എന്നാൽ വർഗീയ ശക്തികളുമായി സഖ്യത്തിനില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നുവെന്നും ടിവികെ പ്രചരണ വിഭാഗം ജനറൽ സെക്രട്ടറി അരുൺ രാജ് വ്യക്തമാക്കി. ബിജെപിയെ കേവലം ഒരു രാഷ്ട്രീയ എതിരാളിയായല്ല, മറിച്ച് ഒരു ‘പ്രത്യയശാസ്ത്ര ശത്രു’വായാണ് വിജയ് കാണുന്നതെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
വിജയ്‌യെ രാഷ്ട്രീയമായി വരുതിയിലാക്കാൻ സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സിബിഐ അന്വേഷണങ്ങളും കേന്ദ്രസർക്കാർ ആയുധമാക്കിയെന്ന് ടിവികെ ആരോപിക്കുന്നു. കരൂർ റാലിയിലെ അപകടവുമായി ബന്ധപ്പെട്ട സിബിഐ ചോദ്യം ചെയ്യലടക്കമുള്ള സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് വിജയ് തന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുന്നത്. സംസ്ഥാനത്തെയും രാജ്യത്തെയും ഭരണകക്ഷികളെ ഒരുപോലെ എതിർക്കാൻ വലിയ രാഷ്ട്രീയ ധൈര്യം വേണമെന്നും, ഭീഷണികൾക്ക് വഴങ്ങി വിജയ് തന്റെ നയം മാറ്റില്ലെന്നും അരുൺ രാജ് കൂട്ടിച്ചേർത്തു.
Also Read: പ്രൊജക്ട് ചീറ്റ സൂപ്പർ ഹിറ്റ്; ഗാമിനി പ്രസവിച്ചു, ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 38 ലേക്ക്!
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തോടെ തമിഴ്‌നാട്ടിൽ ലഭിക്കുന്ന വൻ ജനപിന്തുണ ഡിഎംകെ സഖ്യത്തെ ഭയപ്പെടുത്തുന്നുണ്ടെന്നും ടിവികെ പരിഹസിച്ചു. തോൽക്കാൻ പോകുന്ന പാർട്ടികളുമായാണ് ഡിഎംകെ സഖ്യം ചേരുന്നതെന്നും അവർ ആരോപിച്ചു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് ആദ്യമായി മത്സരത്തിനിറങ്ങുമ്പോൾ, ഡിഎംകെ-എഐഎഡിഎംകെ മുന്നണികൾക്കൊപ്പം ടിവികെ കൂടി എത്തുന്നതോടെ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.
The post സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല, ഒറ്റയ്ക്ക് പോരാടും; തമിഴ് രാഷ്ട്രീയത്തിൽ വിട്ടുവീഴ്ചയില്ലാതെ വിജയ് appeared first on Express Kerala.


