
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ അമ്പലപ്പുഴ പോലീസ് കേസെടുത്തു. യൂണിറ്റ് ചീഫായിരുന്ന ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്താണ് നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മനുഷ്യജീവന് അപകടകരമായ രീതിയിൽ പ്രവർത്തിച്ചതിനും സുരക്ഷാ വീഴ്ച വരുത്തിയതിനും ബിഎൻഎസ് 125, 125 (a) വകുപ്പുകൾ പ്രകാരമാണ് നടപടി. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദ ഉൾപ്പെടെയുള്ള മറ്റുള്ളവരെ നിലവിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കാൻ സാധ്യതയുണ്ട്.
സംഭവത്തിൽ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയെയും നഴ്സിംഗ് ഓഫീസർ ധന്യയെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിലെ വിദഗ്ദ്ധർ ഉൾപ്പെട്ട സമിതി ഇന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. നിലവിൽ സർവീസിൽ നിന്ന് വിരമിച്ച ഡോ. ലളിതാംബികയ്‌ക്കെതിരെ കൈക്കൂലി ആരോപണമടക്കം ഉയർന്ന സാഹചര്യത്തിൽ, ഇവർക്കെതിരായ തുടർനടപടികളിൽ ആരോഗ്യവകുപ്പ് ഉടൻ തീരുമാനമെടുക്കും.
The post വണ്ടാനം മെഡിക്കൽ കോളേജ് വീഴ്ച! യൂണിറ്റ് ചീഫിനെതിരെ കേസ്; ഡോക്ടറെയും നഴ്‌സിനെയും സസ്‌പെൻഡ് ചെയ്തു appeared first on Express Kerala.


