
ബെംഗളൂരു സെയ്ന്റ് ജോസഫ് സർവകലാശാല സംഘടിപ്പിച്ച ‘ഓപ്പൺ ഹാർട്ട്’ സംവാദ പരിപാടിയുടെ എട്ടാം പതിപ്പിൽ മുഖ്യാതിഥിയായി നടി കല്യാണി പ്രിയദർശൻ പങ്കെടുത്തു. തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കുവെച്ച താരം, വിജയകരമായ ഒരു കരിയർ കെട്ടിപ്പടുക്കുന്നതിന് ബഹുമുഖ പ്രതിഭയായി മാറേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് സംസാരിച്ചു. വിശ്വാസം, ക്ഷമ, ആത്മാർഥത എന്നീ മൂല്യങ്ങൾ ജീവിതത്തിൽ വളർത്തിയെടുക്കണമെന്ന് കല്യാണി വിദ്യാർഥികളെ ഓർമ്മിപ്പിച്ചു.
ചെയ്യുന്ന ജോലിയോട് പൂർണ്ണമായും സത്യസന്ധത പുലർത്തണമെന്നും പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്നും താരം പറഞ്ഞു. മലയാള സിനിമയിലെ ആദ്യ വനിതാ സൂപ്പർഹീറോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ലോക’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും കല്യാണി സംവാദത്തിൽ പരാമർശിച്ചു. പ്രേക്ഷകരുടെ താൽപ്പര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നതിനേക്കാൾ ഉപരിയായി, ചെയ്യുന്ന ഓരോ കാര്യത്തിലും ഹൃദയം സമർപ്പിച്ച് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് കല്യാണി വ്യക്തമാക്കി.
Also Read: ആട് 3′-ൽ നിഖില വിമൽ ഐറ്റം ഡാൻസ് കളിക്കുമോ? വൈറൽ വാർത്തകളോട് പ്രതികരിച്ച് വിജയ് ബാബു
സർവകലാശാല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വലിയ വരവേൽപ്പാണ് കല്യാണിക്ക് ലഭിച്ചത്. പ്രമുഖ വ്യക്തികളുമായി വിദ്യാർത്ഥികൾക്ക് നേരിട്ട് സംവദിക്കാൻ വേദിയൊരുക്കുന്ന ‘ഓപ്പൺ ഹാർട്ട്’ പരിപാടിയിൽ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. പ്രോ വൈസ് ചാൻസലർ റെജീന മത്തയസ്, ഫാ. റിച്ചാർഡ് റിഗോ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു
The post ക്ഷമയും ആത്മാർഥതയും ജീവിതവിജയത്തിന്റെ താക്കോൽ; വിദ്യാർത്ഥികൾക്ക് ആവേശം പകർന്ന് കല്യാണി appeared first on Express Kerala.


