
കൊല്ലം: പണിയെടുക്കാതെ സുഖമായി കഴിഞ്ഞ് കൂടാനും കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാനും കൊല്ലം മയ്യനാട് സ്വദേശി പ്രമോദ് ജോൺ കണ്ടെത്തിയ വഴി കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസും നാട്ടുക്കാരും. കലക്ടറേറ്റ് സമുച്ചയത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നൽകി ജയിലിൽ പോകാനായിരുന്നു ഇയാളുടെ മാസ്റ്റർ പ്ലാൻ. എന്നാൽ പ്ലാൻ പാളിയതോടെ ഇയാൾക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്.
പോലീസിനെ അധികം ബുദ്ധിമുട്ടിക്കാതെ തന്നെ പിടികൂടാനായി സ്വന്തം ഫോണിൽ നിന്നാണ് പ്രമോദ് 112-ലേക്ക് വിളിച്ച് ഭീഷണി മുഴക്കിയത്. 50 മിനിറ്റിനുള്ളിൽ കലക്ടറേറ്റ് ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു സന്ദേശം. ലൊക്കേഷൻ ട്രാക്ക് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ പോലീസ് എത്തുമ്പോൾ പ്രമോദ് വീടിന് മുന്നിൽ തന്നെ കാത്തുനിൽപ്പുണ്ടായിരുന്നു. ജയിലിൽ പോയി സുഖമായി ഭക്ഷണം കഴിക്കാനാണ് താനിത് ചെയ്തതെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. മുൻപ് ഒരു അടിപിടി കേസിൽ പെട്ട് 15 ദിവസം ജയിലിൽ കിടന്നപ്പോൾ കിട്ടിയ ഭക്ഷണത്തോടുള്ള ആരാധനയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് ഇയാൾ പറഞ്ഞു.
Also Read: 33 കുട്ടികളെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിറ്റു; യുപിയിൽ ദമ്പതിമാർക്ക് വധശിക്ഷ
ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ളവർ കലക്ടറേറ്റ് അരിച്ചുപെറുക്കി ഭീഷണി വ്യാജമാണെന്ന് ഉറപ്പുവരുത്തി. പ്രമോദിന്റെ കുറ്റസമ്മതം കേട്ട് പോലീസ് ജയിലിൽ അയക്കുന്നതിന് പകരം സ്റ്റേഷൻ ജാമ്യം നൽകി ഇയാളെ വീട്ടിലേക്ക് തിരിച്ചയച്ചു. അവിവാഹിതനായ പ്രമോദിന് ജോലിക്ക് പോകുന്നത് ഇഷ്ടമല്ലാത്തത് കൊണ്ടാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് എത്തിയത്.
The post ജോലിക്ക് പോകാൻ മടി, ജയിൽ ശാപ്പാടിനോട് കൊതി; ബോംബ് ഭീഷണി മുഴക്കിയ യുവാവിന് പോലീസിന്റെ വക ‘എട്ടിന്റെ പണി’ appeared first on Express Kerala.


