
കൊച്ചി: എറണാകുളം ഞാറയ്ക്കലിൽ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ 17കാരന്റെ മരണം ഓൺലൈൻ ഗെയിമിംഗിന്റെ ഭാഗമാണോ എന്ന് പോലീസ് പരിശോധിക്കുന്നു. കുട്ടിക്ക് ഓൺലൈൻ ഗെയിമുകളോട് കടുത്ത അഡിക്ഷൻ ഉണ്ടായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മരണത്തിന് പിന്നിൽ ഗെയിമിലെ ഏതെങ്കിലും അപകടകരമായ ടാസ്ക്കുകളാണോ അതോ ഗെയിം മൂലമുണ്ടായ മാനസിക സമ്മർദ്ദമാണോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. 17കാരനായ അർജുൻ കുമാർ ആണ് കടലിൽ ചാടി ആത്മഹത്യ ചെയ്തത്.
തിരച്ചിലിനൊടുവിൽ ഞാറയ്ക്കൽ ചാപ്പ ബീച്ചിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി കടൽഭിത്തിയിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അർജുന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കും. ഇതിന് ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തു വരൂ. മരണകാരണം ഓൺലൈൻ ഗെയിമിംഗ് അഡിക്ഷനാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഫുട്ബോൾ കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അർജുൻ രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതിപ്പെടുകയായിരുന്നു. അർജുൻ സ്ഥിരമായി ഫ്രീ ഫയർ കളിക്കാറുണ്ടായിരുന്നുവെന്ന് അമ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
The post ഞാറയ്ക്കലിലെ 17കാരന്റെ മരണം; പിന്നിൽ ഓൺലൈൻ ഗെയിമിംഗ് അഡിക്ഷനെന്ന് സംശയം appeared first on Express Kerala.


