
മഹിളാ കോൺഗ്രസ് നേതാവ് ആർ. രശ്മി കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് ആർ. രശ്മി പാർട്ടി അംഗത്വം സ്വീകരിച്ചത്. നെഞ്ചോട് ചേർത്തുപിടിച്ച പ്രസ്ഥാനമായിരുന്നു കോൺഗ്രസെന്നും എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കൊട്ടാരക്കരയിൽ നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവങ്ങളാണ് പാർട്ടി വിടാൻ തന്നെ പ്രേരിപ്പിച്ചതെന്നും രശ്മി വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മന്ത്രി കെ.എൻ. ബാലഗോപാലിനെതിരെ ശക്തമായ പോരാട്ടമാണ് താൻ കാഴ്ചവെച്ചതെന്ന് രശ്മി പറഞ്ഞു. പൊതുസമൂഹം തന്നെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചുവെന്നും വളരെ കുറഞ്ഞ വോട്ടുകൾക്കാണ് പരാജയപ്പെട്ടതെന്നും അവർ ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ ഏറ്റെടുത്ത് മണ്ഡലത്തിൽ സജീവമായി നിന്നിട്ടും പാർട്ടിക്കുള്ളിൽ നിന്ന് ചിലരുടെ ഭാഗത്തുനിന്ന് വലിയ അവഗണനയും തിക്താനുഭവങ്ങളും നേരിടേണ്ടി വന്നു. തനിക്ക് സീറ്റ് ലഭിക്കാൻ കാരണക്കാരനായ കൊടിക്കുന്നിൽ സുരേഷിനോടും പിന്തുണച്ച ജെബി മേത്തറോടും വലിയ സ്നേഹമുണ്ടെങ്കിലും കൊട്ടാരക്കരയിൽ കൊടിക്കുന്നിലിനെ ഒരു വിഭാഗം കൂച്ചുവിലങ്ങിട്ട് തളച്ചിട്ടിരിക്കുകയാണെന്നും രശ്മി ആരോപിച്ചു.
Also Read: റീത്ത് വെക്കാൻ പോകുന്നതല്ല തന്റെ പണി; ആരോഗ്യമന്ത്രിക്ക് മറുപടിയുമായി വി.ഡി. സതീശൻ
തനിക്കെതിരെ നവമാധ്യമങ്ങളിലൂടെ ചിലർ ഒളിയമ്പുകൾ എയ്യുകയാണെന്നും ചേർത്തുപിടിച്ചവരെ നന്ദിയോടെ സ്മരിക്കുന്നുവെന്നും പറഞ്ഞ അവർ ബിജെപിയിലേക്ക് കടന്നുവരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ. രശ്മി ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ ചടങ്ങിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
The post മഹിളാ കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിൽ; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ appeared first on Express Kerala.


