
പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗർഭിണി മരിച്ച സംഭവത്തിൽ അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജ (29) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവും അനാസ്ഥയുമാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു. ഒൻപത് മാസം ഗർഭിണിയായിരുന്ന നൗഷിജയെ ഈ മാസം പതിനാറിനാണ് പ്രസവത്തിനായി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെ ശ്വാസതടസ്സവും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടർന്ന് നില വഷളായ യുവതിയെ വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായാണ് റിപ്പോർട്ട്. യുവതിയുടെ മരണത്തിന് പിന്നാലെ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ നൽകിയ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തു. നിലവിൽ നൗഷിജയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മരണകാരണം സംബന്ധിച്ച കൂടുതൽ വ്യക്തതയ്ക്കായി പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വരികയാണ്. സർക്കാർ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളെയും ജീവനക്കാരുടെ ഉത്തരവാദിത്തത്തെയും കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെയും കുടുംബത്തിന്റെയും തീരുമാനം.
The post പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി; ഗർഭിണിയായ യുവതി മരിച്ചു, പൊലീസിൽ പരാതി നൽകി കുടുംബം appeared first on Express Kerala.


