ശ്രീജിത്തിനെ ചുമതലയിൽ നിന്നും മാറ്റി, പൊലീസ് ആസ്ഥാനത്ത് പിടിമുറുക്കി ഐജി നിശാന്തിനി

ശ്രീജിത്തിനെ ചുമതലയിൽ നിന്നും മാറ്റി, പൊലീസ് ആസ്ഥാനത്ത് പിടിമുറുക്കി ഐജി നിശാന്തിനി

കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ പ്രസിഡൻ്റിൻ്റെ ചുമതലയിൽ നിന്നും എഡിജിപി ശ്രീജിത്തിനെ മാറ്റി. പകരം ഭരണവിഭാഗം ഐജി നിശാന്തിനിക്കാണ് ചുമതല കൈമാറിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ തന്ത്ര പ്രധാനമായ ടി സെക്ഷൻ്റെ ചുമതലയും ഐജി നിശാന്തിനിക്കാണ്. ഇതോടെ ഭരണ വിഭാഗം എഡിജിപി എസ് ശ്രീജിത്തിന് പ്രത്യക്ഷത്തിൽ വലിയ ചുമതല ഒന്നും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷന്റെ നിയമ പ്രകാരം പ്രസിഡൻ്റ് സ്ഥാനം പൊലീസ് ആസ്ഥാനത്തെ ഐ.ജിയാണ് വഹിക്കേണ്ടത്. ഇത് ഒരു എക്സ് ഒഫീഷ്യോ പദവിയാണ്. പൊലീസ് ആസ്ഥാനത്ത് ഐജിയുടെ ചുമതലയിൽ ഉദ്യോഗസ്ഥനില്ലാത്തതിനാൽ എഡിജിപി ശ്രീജിത്താണ് ചുമതല വഹിച്ചിരുന്നത്. എന്നാൽ, ഐജി നിശാന്തിനിയെ പൊലീസ് ആസ്ഥാനത്തെ ഐജി ആയി നിയമിച്ച ശേഷവും റൈഫിൾ അസോസിയേഷൻ പ്രസിഡൻ്റിൻ്റെ ചുമതല ശ്രീജിത്തിൽ നിന്നും എടുത്ത് മാറ്റി നിശാന്തിനിക്ക് കൈമാറാൻ സംസ്ഥാന പൊലീസ് ചീഫ് തയ്യാറായിരുന്നില്ല.

ഇത് സംസ്ഥാന പൊലീസ് ചീഫിനു മുകളിൽ നടന്ന ബാഹ്യ ഇടപെടൽ മൂലമാണെന്ന പരാതിയും ഉയർന്നിരുന്നു. കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷന്റെ സാമ്പത്തിക ഇടപാടുകളിൽ എഡിജിപിക്ക് വഴിവിട്ട ബന്ധമുള്ളതിനാലാണ് ഐജിക്ക് ചാർജ് കൈമാറാതിരിക്കുന്നത് എന്നതു സംബന്ധിച്ച് രേഖാമൂലം പരാതി വന്നതോടെയാണ് ശ്രീജിത്തിനെ ഇപ്പോൾ ചുമതലയിൽ നിന്നും മാറ്റാൻ സംസ്ഥാന പൊലീസ് ചീഫ് നിർബന്ധിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചന.

റൈഫിൾ അസോസിയേഷനുകളുമായി ബന്ധപ്പെട്ട നിയമനടപടികളിൽ, കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ ഒരു അംഗീകൃത സംസ്ഥാന കായിക സംഘടനയാണെന്നും 2000 ലെ കേരള സ്പോർട്സ് ആക്ടും 2008 ലെ കേരള സ്പോർട്സ് നിയമങ്ങളും പാലിക്കാൻ ബാധ്യസ്ഥമാണെന്നും കേരള ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. ആ ചട്ടക്കൂടിൽ അസോസിയേഷനുകൾക്ക് ഒരു ലിഖിത ഭരണഘടന ഉണ്ടായിരിക്കുകയും സ്വന്തം ഭരണ നിയമങ്ങൾ പാലിക്കുകയും ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്.

അടുത്ത കാലം വരെ അസോസിയേഷൻ്റെ പ്രസിഡൻ്റ് സ്ഥാനം വഹിച്ചിരുന്ന ശ്രീജിത്തിന് ആ സ്ഥാനം മാത്രമല്ല, മറ്റ് പല പ്രധാന ചുമതലകളും നിശാന്തിനി ചുമതല ഏറ്റെടുത്തതോടെ നഷ്ടമായിട്ടുണ്ട്. സംസ്ഥാന പൊലീസ് ചീഫ് രവത ചന്ദ്രശേഖർ നീണ്ടകാലം ഡെപ്യൂട്ടേഷനിൽ ആയതിനാൽ ഉണ്ടായ പരിചയ കുറവ് മുതലാക്കി സൂപ്പർ ഡിജിപി ചമഞ്ഞ എഡിജിപിക്കാണ് നിശാന്തിനിയുടെ വരവോടെ ഇപ്പോൾ പവർ നഷ്ടമായിരിക്കുന്നത്.

പൊലീസ് സൈബർ ഓപ്പറേഷൻ വിഭാഗം മേധാവി എന്നതാണ് നിലവിൽ ശ്രീജിത്ത് വഹിക്കുന്ന പ്രധാന ചുമതല. സാധാരണ ഐജി റാങ്കിലെ ഉദ്യോഗസ്ഥൻ വഹിക്കേണ്ട ഈ ചുമതല ശ്രീജിത്ത് ഏറ്റെടുത്തത് മുതൽ അധികാര ദുർവിനയോഗത്തിൻ്റെ പേരിൽ നിരവധി പരാതികളാണ് ഉയർന്നത്. ഏറ്റവും ഒടുവിൽ സൗത്ത് ലൈവ് എന്ന മീഡിയക്ക് എതിരെയും സൈബർ ഓപ്പറേഷൻ വിഭാഗത്തിൽ നിന്നും ഭീഷണി ഉണ്ടായിരുന്നു. ഇതു സംബന്ധമായി സൗത്ത് ലൈവ് അധികൃതർ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതിയും നൽകിയിരുന്നു. ഈ പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ഇടപെട്ട് ശ്രീജിത്തിനെ സൈബർ ചുമതലയിൽ നിന്നും മാറ്റാനാണ് സാധ്യത. ശ്രീജിത്ത് സൈബർ ചുമതലയിൽ തുടർന്നാൽ നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടക്കില്ലന്ന പരാതി വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾക്കിടയിലും ശക്തമാണ്. ഇതും തിരഞ്ഞെടുപ്പ് കമ്മീഷന് പരിഗണിക്കേണ്ടതായി വരും.

STAFF REPORTER

The post ശ്രീജിത്തിനെ ചുമതലയിൽ നിന്നും മാറ്റി, പൊലീസ് ആസ്ഥാനത്ത് പിടിമുറുക്കി ഐജി നിശാന്തിനി appeared first on Express Kerala.

Spread the love
Scroll to Top