
മറാഠാ സാമ്രാജ്യത്തിന്റെ സൂര്യതേജസ്സായ ഛത്രപതി ശിവാജി മഹാരാജിന്റെ വീരഗാഥ വെള്ളിത്തിരയിലേക്ക് എത്തിക്കാനൊരുങ്ങി ബോളിവുഡ് താരം റിതേഷ് ദേശ്മുഖ്. ജിയോ സ്റ്റുഡിയോസും മുംബൈ ഫിലിം കമ്പനിയും സംയുക്തമായി നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം “രാജ ശിവാജി”യുടെ ആവേശമുണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റിതേഷ് ദേശ്മുഖ് തന്നെ നായകനാകുന്ന ചിത്രം അദ്ദേഹം തന്നെയാണ് സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. കയ്യിൽ വാളേന്തി, ദൃഢമായ ചുമലുകളോടെ, അചഞ്ചലമായ നോട്ടവുമായി നിൽക്കുന്ന ശിവാജി മഹാരാജിന്റെ ലുക്കിലുള്ള റിതേഷിന്റെ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
സ്വരാജ്യത്തിന്റെ ജനനത്തിലേക്ക് നയിക്കുകയും ഒരു ജനതയുടെ അഭിമാനം ജ്വലിപ്പിക്കുകയും ചെയ്ത ഇതിഹാസ നായകന്റെ പ്രതിജ്ഞയെ ഉൾക്കൊള്ളുന്ന രീതിയിലാണ് റിതേഷിന്റെ ഭാവം പോസ്റ്ററിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ലോകപ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവനാണ്. പ്രശസ്ത സംഗീത കൂട്ടുകെട്ടായ അജയ്-അതുൽ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഹിന്ദി, മറാത്തി ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം ഒരു രാജാവിന്റെ കഥയേക്കാൾ ഉപരിയായി, ശക്തരായ പ്രതിയോഗികൾക്കെതിരെ പോരാടി സ്വന്തം നാടിന്റെ പാത രൂപപ്പെടുത്തിയ ഒരു മകന്റെയും ദേശീയ യോദ്ധാവിന്റെയും പോരാട്ടമാണ് ദൃശ്യവൽക്കരിക്കുന്നത്.
Also Read:2022-ലെ പ്രോമിസ് 2026-ൽ യാഥാർത്ഥ്യം! ലോകത്തിന്റെ നെറുകയിൽ മലയാള സിനിമ
ജ്യോതി ദേശ്പാണ്ഡെയും ജെനീലിയ ദേശ്മുഖും ചേർന്ന് നിർമ്മിക്കുന്ന “രാജ ശിവാജി” 2026 മെയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട യോദ്ധാക്കളിൽ ഒരാളുടെ കഥ ഭാഷാപരമായ അതിരുകൾക്കപ്പുറത്തേക്ക് എത്തിച്ച് ആഗോളതലത്തിൽ ഒരു സിനിമാറ്റിക് അനുഭവമാക്കി മാറ്റാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
The post മറാഠാ വീര്യം വെള്ളിത്തിരയിലേക്ക്; ‘രാജ ശിവാജി’ ഫസ്റ്റ് ലുക്ക് പുറത്ത്! സംവിധാനവും നായകനും റിതേഷ് appeared first on Express Kerala.


