
ലഹരിമരുന്നിന് പണം നൽകാത്തതിനെത്തുടർന്ന് അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിൽ ചെറുമകന് ഒൻപതുവർഷം തടവും പിഴയും ശിക്ഷ വിധിച്ചു. അരൂർ സ്വദേശിയായ അനന്തുവിനെയാണ് (26) ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2019 ജൂൺ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടണക്കാട് പുതിയകാവിൽ താമസിച്ചിരുന്ന ശാന്ത (72) എന്ന വൃദ്ധയെയാണ് വ്യായാമം ചെയ്യാൻ ഉപയോഗിക്കുന്ന ഡംബൽ കൊണ്ട് തലയ്ക്കടിച്ച് അനന്തു കൊലപ്പെടുത്തിയത്. പുല്ലുവെട്ടി വിറ്റ് ഉപജീവനം നടത്തിയിരുന്ന ശാന്തയോട് ലഹരി വാങ്ങാൻ പണം ചോദിച്ചതും അത് നൽകാത്തതുമാണ് പ്രകോപനത്തിന് കാരണമായത്.
കൊലപാതകത്തിന് പിന്നാലെ പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അനന്തു കീഴടങ്ങുകയായിരുന്നു. സബ് ഇൻസ്പെക്ടർമാരായ അമൃതരംഗൻ, ജിജിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമർപ്പിച്ചത്. കോടതിയിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അംബികാകൃഷ്ണൻ, അഡ്വ. അഖിലാകൃഷ്ണൻ എന്നിവർ ഹാജരായി. പ്രതിയുടെ മയക്കുമരുന്ന് ഉപയോഗവും ക്രൂരമായ കൊലപാതകരീതിയും പരിഗണിച്ചാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.
The post അമ്മൂമ്മയെ ഡംബൽകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസ്; ചെറുമകന് ഒൻപതുവർഷം തടവ് appeared first on Express Kerala.


