
കർണാടകയിലെ സ്കൂളുകളിലും കോളേജുകളിലും 16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന സോഷ്യൽ മീഡിയ ആസക്തിയും മയക്കുമരുന്ന് ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട് വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ അഭിപ്രായം മുഖ്യമന്ത്രി സിദ്ധരാമയ്യ തേടിയിട്ടുണ്ട്.
സോഷ്യൽ മീഡിയാ ആസക്തി കുട്ടികളുടെ മാനസികാരോഗ്യത്തെയും വിദ്യാഭ്യാസത്തെയും പെരുമാറ്റത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന ആശങ്ക മുഖ്യമന്ത്രി പങ്കുവെച്ചു. മയക്കുമരുന്ന് മാഫിയകളുടെ വലയിൽ കുട്ടികൾ വീഴുന്നതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയ ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മാതൃക കർണാടകയും പരിഗണിക്കുന്നുണ്ട്. മുതിർന്ന വിദ്യാർത്ഥികൾക്ക് ഈ നിയന്ത്രണം ബാധകമാകില്ലെന്നും, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനാണ് ഇത്തരം നടപടികളെക്കുറിച്ച് ചിന്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
The post 16 വയസ്സിന് താഴെയുള്ളവർക്ക് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം? സോഷ്യൽ മീഡിയ ആസക്തിക്കെതിരെ സിദ്ധരാമയ്യ appeared first on Express Kerala.


