
കാസർകോട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിൽ മനംനൊന്ത് കാസർകോട് നാലത്തടുക്കയിൽ 24-കാരിയായ ജസീല ജീവനൊടുക്കിയ സംഭവത്തിൽ ആദൂർ പൊലീസിനും അയൽവാസികൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മരിക്കുന്നതിന് മുൻപ് തന്റെ നിരപരാധിത്വം വ്യക്തമാക്കി ജസീല ചിത്രീകരിച്ച വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. വനിതാ പൊലീസ് ഇല്ലാതെയാണ് തന്നെ ചോദ്യം ചെയ്തതെന്നും എടുക്കാത്ത ആഭരണത്തിന്റെ പേരിൽ തന്നെ നാണംകെടുത്തുകയാണെന്നും ജസീല വീഡിയോയിൽ പറയുന്നുണ്ട്.
സുഹൃത്തിന്റെ ഉമ്മയുടെ സ്വർണം മോഷണം പോയതുമായി ബന്ധപ്പെട്ടാണ് ജസീലയ്‌ക്കെതിരെ ആരോപണമുയർന്നത്. ഇതിന് പിന്നാലെ അയൽവാസികളും പൊലീസും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ജസീലയുടെ വീഡിയോയിൽ വ്യക്തമാക്കുന്നു. “ഞാൻ എടുക്കാത്ത ആഭരണം എങ്ങനെയാണ് തിരിച്ചു നൽകുക? എന്നെ എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത്?” എന്ന് ചോദിച്ച ജസീല, തന്റെ മരണത്തിന് കാരണക്കാരായവർക്ക് ശിക്ഷ നൽകണമെന്നും വീഡിയോയിലൂടെ ആവശ്യപ്പെട്ടു.
Also Read: വണ്ടാനം മെഡിക്കൽ കോളേജ് ചികിത്സാ പിഴവ്! ഡോക്ടർക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്
കഴിഞ്ഞ ഞായറാഴ്ചയാണ് ജസീലയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. ആദൂർ പൊലീസിനെതിരെ വിദ്യാനഗർ പൊലീസ് സ്റ്റേഷനിലാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. പരാതി നൽകാൻ ചെന്നപ്പോൾ പൊലീസ് തടഞ്ഞെന്നും കുട്ടി തന്നെയാണ് മോഷണം നടത്തിയതെന്ന രീതിയിൽ ഉദ്യോഗസ്ഥർ സംസാരിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
The post മോഷണക്കുറ്റം ആരോപിച്ച് മാനസിക പീഡനം; കാസർകോട് യുവതി ജീവനൊടുക്കി, പൊലീസിനെതിരെ കുടുംബം appeared first on Express Kerala.


