
മുദ്രപ്പത്ര നിയമപ്രകാരം കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്തിടപാടുകൾക്ക് നൽകുന്ന ഇളവുകൾക്ക് മുത്തശ്ശീമുത്തച്ഛൻമാർ അർഹരല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം ഉൾപ്പെട്ട വിശാല ബെഞ്ചിന്റേതാണ് ഈ സുപ്രധാന ഉത്തരവ്. കൊച്ചുമക്കൾ മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ പേരിൽ നടത്തുന്ന സ്വത്തിടപാടുകളെ കുടുംബത്തിനുള്ളിലെ ഇടപാടായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യൻ മുദ്രപ്പത്ര നിയമത്തിന്റെ 58 എ (ഒന്ന്) വകുപ്പ് പ്രകാരം അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ്, മകൻ, മകൾ, പേരക്കുട്ടികൾ, സഹോദരൻ, സഹോദരി എന്നിവരെ മാത്രമാണ് കുടുംബത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ മുത്തശ്ശീമുത്തച്ഛൻമാരെ ഉൾപ്പെടുത്തിയിട്ടില്ല. നിയമത്തിൽ കുടുംബാംഗങ്ങൾ ആരൊക്കെയാണെന്ന് കൃത്യമായി പേരെടുത്തു പറഞ്ഞിട്ടുള്ള സാഹചര്യത്തിൽ, സാമൂഹിക ബന്ധങ്ങൾ കണക്കിലെടുത്തുള്ള മറ്റു വ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
നേരത്തെ, പട്ടികയിൽ ‘പേരക്കുട്ടികൾ’ ഉള്ളതിനാൽ സ്വാഭാവികമായും മുത്തശ്ശീമുത്തച്ഛൻമാരും കുടുംബത്തിന്റെ ഭാഗമാകുമെന്ന് ചില കോടതികൾ വ്യാഖ്യാനിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്. നിയമത്തിൽ ഉൾപ്പെട്ടവർക്ക് മാത്രമേ മുദ്രപ്പത്ര ഇളവ് ലഭിക്കൂ എന്നും, നിയമം മാറ്റേണ്ടത് കോടതിയുടെ ചുമതലയല്ലെന്നും വ്യക്തമാക്കിയാണ് കോടതി ഈ തർക്കത്തിന് അറുതി വരുത്തിയത്.
The post മുദ്രപ്പത്ര നിയമം! കുടുംബത്തിന്റെ നിർവചനത്തിൽ മുത്തശ്ശീമുത്തച്ഛൻമാർ ഉൾപ്പെടുന്നില്ല: മദ്രാസ് ഹൈക്കോടതി appeared first on Express Kerala.


