
ഒഡീഷയിലെ ജർസുഗുദയിൽ പൊലീസ് ജീപ്പും ട്രെയ്‌ലർ വാഹനവും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് പൊലീസുകാർക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലർച്ചെ ജർസുഗുദ സദർ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. എട്ട് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ജീപ്പിലേക്ക് അമിതവേഗതയിലെത്തിയ ട്രെയ്‌ലർ ഇടിച്ചുകയറുകയായിരുന്നു. കാശിറാം ബോയി, ദേബദത്ത സാ, നിരഞ്ജൻ കുജുർ, ഹവിൽദാർ ലിംഗരാജ് ദുരുവ, ഭക്‌തബന്ധു മിർദ്ധ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ പൊലീസ് വാഹനം പൂർണ്ണമായും തകർന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ആംഡ് പൊലീസ് റിസർവ് വിഭാഗത്തിൽപ്പെട്ടവരാണ്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച ഉദ്യോഗസ്ഥർക്ക് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു. അപകടകാരണം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
The post ഒഡീഷയിൽ നടുക്കുന്ന വാഹനാപകടം! ട്രെയ്‌ലർ പൊലീസ് ജീപ്പിലിടിച്ച് അഞ്ച് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം appeared first on Express Kerala.


