
അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ നൽകിയ ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മൻ കി ബാത്ത് പ്രസംഗത്തിൽ അനുസ്മരിച്ചു. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നു ആലിനെന്നും നിരവധി സ്വപ്നങ്ങൾ ബാക്കി വെച്ചാണ് അവൾ മടങ്ങിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്ന ആഴമേറിയ വേദനയ്ക്കിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച മാതാപിതാക്കളുടെ നടപടി അങ്ങേയറ്റം മഹനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിന്റെയും പ്രതീകമാണ് ആലിന്റെ രക്ഷിതാക്കൾ എടുത്ത തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനായി ആ മാതാപിതാക്കൾ മുന്നോട്ടുവന്നത് ഓരോ പൗരനും ആദരവോടെ കാണേണ്ട കാര്യമാണ്. ആലിൻ ഷെറിൻ എന്ന പേര് രാജ്യം എന്നെന്നും ഓർക്കുമെന്നും അത്രത്തോളം വലിയൊരു തീരുമാനമാണ് ആ കുടുംബം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഒഡീഷയിൽ നടുക്കുന്ന വാഹനാപകടം! ട്രെയ്‌ലർ പൊലീസ് ജീപ്പിലിടിച്ച് അഞ്ച് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം
അവയവദാന രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. അവയവദാനം ഒരു മഹത്തായ കൃത്യമാണെന്നും അത് ആവശ്യമുള്ളവർക്കായി ദാനം ചെയ്യാൻ എല്ലാവരും സന്നദ്ധരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെഡിക്കൽ ഗവേഷണ രംഗത്തെ മുന്നേറ്റങ്ങൾ കാരണം അവയവങ്ങൾ സ്വീകരിച്ച പലരും ഇന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണ്. ഇത്തരം മഹത്തായ പ്രവർത്തനങ്ങളെ സർക്കാർ എന്നും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
The post നാല് ജീവനുകൾക്ക് തുണയായ കുഞ്ഞുമാലാഖ; ആലിൻ ഷെറിനെ ‘മൻ കി ബാത്തി’ൽ അനുസ്മരിച്ച് പ്രധാനമന്ത്രി appeared first on Express Kerala.


