
‘കേരള സ്റ്റോറി’ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തെ പരിഹസിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. കൊച്ചിയിൽ നടന്ന ഫിലിം ഫെയർ അവാർഡിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതൊരു വെറും ‘ബുൾഷിറ്റ് പ്രൊപ്പഗണ്ട’ സിനിമയാണെന്നും പണം സമ്പാദിക്കാനുള്ള അത്യാർത്തിയോടെ നിർമ്മിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ബീഫ് പോയിട്ട് കിച്ചടി പോലും ആരും ഇത്തരത്തിൽ മറ്റുള്ളവരുടെ വായിലേക്ക് കുത്തിക്കയറ്റില്ലെന്നും, ചിലരെ സന്തോഷിപ്പിക്കാൻ വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയാണ് ചിത്രത്തിന്റേതെന്നും കശ്യപ് കുറ്റപ്പെടുത്തി.
അതേസമയം, ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി നൽകിയ ഹർജിയിൽ സെൻസർ ബോർഡിനും നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനും കോടതി നോട്ടീസ് അയച്ചു. 2023-ൽ പുറത്തിറങ്ങിയ ഒന്നാം ഭാഗം സൃഷ്ടിച്ച വലിയ വിവാദങ്ങൾക്ക് പിന്നാലെയാണ് രണ്ടാം ഭാഗത്തിനെതിരെയും നിയമനടപടികൾ ആരംഭിച്ചിരിക്കുന്നത്. കേസ് വരും ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Also Read: സോംബി തരംഗം വീണ്ടും; ‘ഓൾ ഓഫ് അസ് ആർ ഡെഡ്’ സീസൺ 2 ചിത്രീകരണം പൂർത്തിയായി, റിലീസ് ഉടൻ
മുഖ്യമന്ത്രി പിണറായി വിജയനും ചിത്രത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും വിദ്വേഷം വിതയ്ക്കാനുമുള്ള വിഷസൃഷ്ടിയായാണ് മുഖ്യമന്ത്രി ചിത്രത്തെ വിശേഷിപ്പിച്ചത്. ‘ബീഫ്’ എന്ന പേരുള്ള ചിത്രങ്ങൾക്ക് പോലും പ്രദർശനാനുമതി നിഷേധിക്കുന്ന കാലത്ത്, സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന ഇത്തരം സിനിമകൾക്ക് അനുമതി ലഭിക്കുന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലുള്ള നിരവധി പേരാണ് ചിത്രത്തിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
The post ‘കേരള സ്റ്റോറി ബുൾഷിറ്റ് പ്രൊപ്പഗണ്ട! കിച്ചടി പോലും ആരും ഇങ്ങനെ കഴിക്കില്ല’: കടുത്ത വിമർശനവുമായി അനുരാഗ് കശ്യപ് appeared first on Express Kerala.


