
ചവറ: ജീവനക്കാർ ചേർന്ന് സൂപ്പർ മാർക്കറ്റിൽ നിന്ന് മാസങ്ങൾക്കൊണ്ട് തട്ടിയെടുത്തത് 25 ലക്ഷം രൂപ. ചവറ ശങ്കരമംഗലത്തുള്ള സൂപ്പർ മാർക്കറ്റിലാണ് വൻ തട്ടിപ്പ് നടന്നത്. സൂപ്പർ മാർക്കറ്റ് ഉടമ നൽകിയ പരാതിയിൽ ബില്ലിങ് ജീവനക്കാരി ആതിര, സെക്യൂരിറ്റി ജീവനക്കാരൻ സന്തോഷ് എന്നിവർക്കെതിരെയാണ് ചവറ പോലീസ് കേസെടുത്ത്.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള എട്ടു മാസക്കാലയളവിലാണ് ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നത്. സാധനങ്ങൾ വാങ്ങിയ ശേഷം ബിൽ ആവശ്യമില്ലെന്ന് പറയുന്ന ഉപഭോക്താക്കളെയാണ് ഇവർ ലക്ഷ്യം വെച്ചിരുന്നത്. അത്തരം ബില്ലുകൾ സിസ്റ്റത്തിൽ നിന്ന് റദ്ദാക്കി ആ തുക സ്വന്തമാക്കുകയായിരുന്നു പതിവ്. ഒരു ദിവസം ശരാശരി 2500 രൂപ വീതമാണ് ഇവർ ഇത്തരത്തിൽ മാറ്റിയിരുന്നത്.
Also Read: തോക്ക് കളിത്തോക്കായി; തൃക്കുന്നപ്പുഴയിൽ യുവാക്കൾക്ക് ക്രൂരമർദനം
സൂപ്പർ മാർക്കറ്റിലെ സ്റ്റോക്കിൽ വലിയ കുറവ് അനുഭവപ്പെട്ടതും ബില്ലിങ് ജീവനക്കാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതുമാണ് ഉടമയെ അന്വേഷണത്തിലേക്ക് നയിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളും സ്റ്റോക്ക് വിവരങ്ങളും വിശദമായി പരിശോധിച്ചതോടെയാണ് ലക്ഷങ്ങളുടെ തിരിമറി വ്യക്തമായത്. ഇതിന് സെക്യൂരിറ്റി ജീവനക്കാരന്റെ ഒത്താശയും ഉണ്ടായിരുന്നതായി ഉടമ പരാതിയിൽ പറയുന്നു.
The post ഒരു ദിവസം 2500 രൂപ വീതം, ആകെ 25 ലക്ഷം! സൂപ്പർ മാർക്കറ്റിൽ ജീവനക്കാരുടെ വൻ തട്ടിപ്പ് appeared first on Express Kerala.


