
സ്‌കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മത്സ്യ-മാംസ വിൽപ്പന തടയുമെന്ന പ്രഖ്യാപനവുമായി ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ. കുട്ടികളിൽ അക്രമവാസന വളരുന്നത് തടയാനാണ് ഇത്തരമൊരു നീക്കമെന്നാണ് മന്ത്രിയുടെ വിചിത്രമായ വാദം. ആളുകളുടെ ഭക്ഷണ ശീലങ്ങളോടോ ഭക്ഷ്യ വസ്തുക്കളോടോ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും, എന്നാൽ പൊതുസ്ഥലങ്ങളിലെ പരസ്യമായ വിൽപ്പന നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാറിലെ മുൻസിപ്പൽ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ചട്ടത്തിലെ 345-ാം സെഷൻ പ്രകാരം മത്സ്യ-മാംസ വിൽപ്പനക്കാർ നിർബന്ധമായും ലൈസൻസ് എടുത്തിരിക്കണം. ലൈസൻസില്ലാത്ത കടകളും തെരുവോരങ്ങളിലെ തുറന്ന വിൽപ്പന ശാലകളും ഉടനടി അടച്ചുപൂട്ടാൻ എല്ലാ പ്രാദേശിക ഭരണകൂടങ്ങൾക്കും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read:മുൻ കേന്ദ്ര റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു
പ്രതിവർഷം ലക്ഷക്കണക്കിന് ടൺ മത്സ്യവും മാംസവും വിറ്റഴിക്കപ്പെടുന്ന ബിഹാറിൽ ഈ പുതിയ നിയന്ത്രണങ്ങൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. മാംസവിൽപ്പനയും കുട്ടികളുടെ പെരുമാറ്റവും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വിമർശനങ്ങൾ ഉയരുന്നുണ്ട്. എങ്കിലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോകാനാണ് ബിഹാർ സർക്കാരിന്റെ തീരുമാനം.
The post സ്‌കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവിൽപ്പന നിരോധിക്കും; വിചിത്ര വാദവുമായി ബിഹാർ ഉപമുഖ്യമന്ത്രി appeared first on Express Kerala.


