
തിരുവനന്തപുരം: ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകൾ ഐഷ ഫാത്തിമയുടെ മരണത്തിൽ ചികിത്സാപ്പിഴവ് ആരോപണവുമായി കുടുംബവും, ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതരും രംഗത്തെത്തി. കാട്ടാക്കടയിലെ മമൽ ആശുപത്രിയിൽ വെച്ച് നൽകിയ ഇൻജക്ഷന് പിന്നാലെയാണ് രണ്ടര വയസ്സുകാരിയുടെ മരണം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ, ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നും കടുത്ത ശ്വാസംമുട്ടലോടെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും മമൽ ആശുപത്രിയിലെ ഡോക്ടർ അരുൺ വാരിയർ വ്യക്തമാക്കി.
ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആവി പിടിച്ചതിന് ശേഷം നൽകിയ രണ്ട് ഇൻജക്ഷനുകൾക്ക് പിന്നാലെ കുട്ടിയുടെ നില വഷളായതായി കുടുംബം ആരോപിക്കുന്നു. തുടർന്ന് നെയ്യാർ മെഡിസിറ്റിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിയെ കൊണ്ടുപോയ ആംബുലൻസിൽ ബന്ധുക്കളെ കയറാൻ അനുവദിച്ചില്ലെന്നും ആശുപത്രി ജീവനക്കാർ മോശമായി പെരുമാറിയെന്നും പിതാവ് പരാതിപ്പെട്ടു.
Also Read: ശബരിമല സ്വർണ്ണക്കൊള്ള! ‘സ്വർണം കട്ടവർ നിയമത്തിന് മുന്നിൽ വരണം’: എം.ബി. രാജേഷ്
അതേസമയം, ഇൻജക്ഷൻ മൂലമല്ല കുട്ടിയുടെ നില വഷളായതെന്നും ജീവൻ രക്ഷിക്കാനുള്ള അടിയന്തര മരുന്നായ അഡ്രിനാലിൻ ആണ് നൽകിയതെന്നും ഡോക്ടർ വിശദീകരിച്ചു. നെയ്യാർ മെഡിസിറ്റിയിൽ എത്തിക്കുമ്പോൾ കുട്ടിക്ക് നേരിയ പൾസ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഷ ഫാത്തിമയുടെ പോസ്റ്റ്മോർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കും.
The post രണ്ടര വയസ്സുകാരിയുടെ മരണം! ഇൻജക്ഷന് പിന്നാലെ നില വഷളായെന്ന് കുടുംബം; നിഷേധിച്ച് ആശുപത്രി അധികൃതർ appeared first on Express Kerala.


