
മലപ്പുറം: ചികിത്സാ ആനുകൂല്യം നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്ക് കനത്ത തിരിച്ചടി നൽകി ജില്ലാ ഉപഭോക്തൃ കമ്മീഷൻ. ചികിത്സാ തുകയും നഷ്ടപരിഹാരവും ഉൾപ്പെടെ 5,30,000 രൂപ പരാതിക്കാരന് നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. പറപ്പൂർ സൂപ്പി ബസാർ സ്വദേശി നൽകിയ പരാതിയിലാണ് ഈ നിർണ്ണായക വിധി.
പരാതിക്കാരന്റെ അമ്മയുടെ കരൾ സംബന്ധമായ ചികിത്സയ്ക്കായി പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലും കോഴിക്കോട് മിംസിലുമായി 19,89,104 രൂപ ചെലവായിരുന്നു. ഈ തുക ആവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോൾ, പോളിസി എടുക്കുന്നതിന് മൂന്ന് വർഷം മുൻപേ രോഗമുണ്ടായിരുന്നു എന്ന കാരണം പറഞ്ഞ് കമ്പനി അപേക്ഷ നിരസിച്ചു. വിവരങ്ങൾ മറച്ചുവെച്ചാണ് പോളിസി എടുത്തതെന്നായിരുന്നു കമ്പനിയുടെ വാദം.
Also Read: ജാമ്യവ്യവസ്ഥ ലംഘിച്ചു; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ
രോഗിക്ക് മുൻപേ അസുഖമുണ്ടായിരുന്നുവെന്നോ ചികിത്സ തേടിയിരുന്നുവെന്നോ തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ഇൻഷുറൻസ് കമ്പനിക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിൽ ആനുകൂല്യം നിഷേധിക്കുന്നത് സേവനത്തിലെ വീഴ്ചയാണെന്ന് കമ്മീഷൻ വിലയിരുത്തി. ഇൻഷുറൻസ് തുക 5,00,000 രൂപയും, നഷ്ടപരിഹാരം 25,000 രൂപയും, കോടതി ചെലവ് 5,000 രൂപയും 45 ദിവസത്തിനകം കൈമാറണം. വീഴ്ച വരുത്തിയാൽ 9 ശതമാനം പലിശ സഹിതം നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റായ കമ്മീഷൻ ഉത്തരവിട്ടു.
The post ചികിത്സാ ആനുകൂല്യം നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി; 5.30 ലക്ഷം രൂപ നൽകാൻ ഉത്തരവ് appeared first on Express Kerala.


