
ട്രെയിൻ യാത്രക്കാർക്കായി ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. 2026 മാർച്ച് 1 മുതൽ ജനറൽ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ നിലവിലുള്ള യുടിഎസ് മൊബൈൽ ആപ്പ് ലഭ്യമാകില്ല. പകരം റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് ആയ റെയിൽവൺ വഴിയായിരിക്കും ഇനി എല്ലാ സേവനങ്ങളും.
റെയിൽവേയുടെ വിവിധ സേവനങ്ങൾ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന സൂപ്പർ ആപ്പ് ആണ് റെയിൽവൺ. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി യാത്രക്കാർക്ക് കൂടുതൽ സുഗമമായ അനുഭവം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റിസർവ്ഡ്, അൺറിസർവ്ഡ് (ജനറൽ), സബർബൻ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ ഇനി ഈ ഒരൊറ്റ ആപ്പിലൂടെ ബുക്ക് ചെയ്യാം. മാർച്ച് 1 മുതൽ യുടിഎസ് ആപ്പ് പ്രവർത്തിക്കില്ല. ആപ്പ് തുറക്കുമ്പോൾ പുതിയ റെയിൽവൺ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലഭ്യമാകും. പഴയ യുടിഎസ് ആപ്പിലെ വിവരങ്ങളും ബുക്കിംഗുകളും പുതിയ റെയിൽവൺ ആപ്പിലേക്ക് താനേ മാറുന്ന സംവിധാനം റെയിൽവേ ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും യാത്രക്കാർക്ക് മൊബൈൽ വഴി വേഗത്തിൽ ടിക്കറ്റ് എടുക്കാനും ഈ മാറ്റം സഹായകമാകും.
The post ഇനി ഒരൊറ്റ ആപ്പ് മതി; ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ മാർച്ച് 1 മുതൽ മാറ്റം! appeared first on Express Kerala.


