
ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’-ന്റെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. പുഴയോരത്ത് വിദൂരതയിലേക്ക് നോക്കിനിൽക്കുന്ന ജോർജ്കുട്ടിയുടെ നിഗൂഢത നിറഞ്ഞ ചിത്രമാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഏപ്രിൽ 2-ന് തിയേറ്ററുകളിലെത്തും. ഇക്കുറി ജോർജ്കുട്ടി നിയമത്തിന് മുന്നിൽ കുടുങ്ങുമോ അതോ വീണ്ടും രക്ഷപ്പെടുമോ എന്ന ചർച്ചകളിലാണ് സോഷ്യൽ മീഡിയയിലെ സിനിമാ പ്രേമികൾ.
രണ്ടാം ഭാഗം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം ജോർജ്കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗം ചർച്ച ചെയ്യുന്നത്. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ കേവലം ബുദ്ധിപരീക്ഷണമല്ല മൂന്നാം ഭാഗമെന്നും വ്യത്യസ്തമായൊരു പശ്ചാത്തലമായിരിക്കും ചിത്രത്തിനെന്നും സംവിധായകൻ ജീത്തു ജോസഫ് നേരത്തെ സൂചിപ്പിച്ചിരുന്നു. ഷൂട്ടിംഗ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ 350 കോടി രൂപയുടെ ബിസിനസ്സ് സ്വന്തമാക്കി ചിത്രം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
മലയാളത്തിൽ തരംഗം സൃഷ്ടിച്ച ദൃശ്യം പരമ്പര ഇതിനോടകം ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ദൃശ്യം ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ ആഗോള തിയേറ്റർ-ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന വിഷുക്കാലം ജോർജ്കുട്ടിയും കുടുംബവും തൂത്തുവാരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
The post ജോർജ്കുട്ടി വീണ്ടും വരുന്നു; ‘ദൃശ്യം 3’ പുത്തൻ പോസ്റ്റർ പുറത്ത്, റിലീസ് ഏപ്രിൽ 2-ന് appeared first on Express Kerala.


