
ഫിലിംഫെയർ പുരസ്‌കാര നേട്ടത്തിന് പിന്നാലെ തന്റെ ഇരുപത് വർഷം നീണ്ട സിനിമാ ജീവിതത്തെക്കുറിച്ചും നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും മനസ്സ് തുറന്ന് നടി പാർവതി തിരുവോത്ത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘തങ്കലാൻ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് പാർവതിക്ക് പുരസ്കാരം ലഭിച്ചത്. തന്റെ മാതാപിതാക്കളെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പാർവതി കഴിഞ്ഞ ദിവസം പുരസ്കാരം ഏറ്റുവാങ്ങിയത്.
തന്റെ കരിയറിന്റെ തുടക്കകാലത്ത് പലരും നൽകിയ ഉപദേശങ്ങളെയും പ്രവചനങ്ങളെയും തിരുത്തിക്കുറിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പാർവതി പങ്കുവെച്ചു. ഒരു നടിക്ക് സിനിമയിൽ പരമാവധി ആറോ ഏഴോ വർഷം മാത്രമേ ആയുസ്സുള്ളൂ എന്നും, അതുകൊണ്ട് മൂല്യങ്ങൾ നോക്കാതെ വാണിജ്യ സിനിമകൾ ചെയ്ത് പണം സമ്പാദിക്കാൻ പലരും അന്ന് തന്നോട് പറഞ്ഞിരുന്നുവെന്ന് പാർവതി ഓർത്തെടുത്തു. ആക്ടിവിസമോ നിലപാടുകളോ ഒരാളെ ധനികയാക്കില്ലെന്നായിരുന്നു അന്നത്തെ ഉപദേശമെങ്കിലും അതെല്ലാം ഇപ്പോൾ വെറും തമാശയായി തോന്നുന്നുവെന്ന് താരം കുറിച്ചു.
Also Read:വിവാഹമോചനത്തിന് ശേഷമുള്ള തിരിച്ചുവരവ്! ഇനി മറ്റൊരാളെ വിശ്വസിക്കാൻ കഴിയില്ലെന്ന് കരുതി; സാമന്ത
നിലപാടുകൾ തുറന്നു പറയുന്ന ഒരു ‘പ്രൗഡ് വിസിൽബ്ലോവർ’ ആയിരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും തിരസ്‌കാരങ്ങളെക്കാൾ മനുഷ്യത്വത്തെ തിരഞ്ഞെടുക്കാനാണ് താൻ ശ്രമിച്ചതെന്നും പാർവതി പറഞ്ഞു. ശക്തമായ വേഷങ്ങൾക്കായി തന്നെ തിരഞ്ഞെടുക്കുന്ന മിടുക്കരായ സംവിധായകരെ കണ്ടെത്താൻ തനിക്ക് സാധിക്കുന്നുണ്ടെന്നും ജീവിതം ഇപ്പോൾ ഏറെ സമ്പന്നമാണെന്നും താരം കൂട്ടിച്ചേർത്തു. പാർവതിയുടെ ആറാമത്തെ ഫിലിംഫെയർ പുരസ്‌കാരമാണിത്.
നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ, നോബഡി’ ആണ് പാർവതിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ഈ സിനിമയിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. എന്ന് നിന്റെ മൊയ്‌ദീൻ, കൂടെ എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
The post അന്ന് പണം സമ്പാദിക്കാൻ ഉപദേശിച്ചവർക്ക് ഇന്ന് പാർവതി നൽകുന്ന മറുപടി; വൈറലായി സോഷ്യൽ മീഡിയ കുറിപ്പ് appeared first on Express Kerala.


