
ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ സിംബാബ്‌വെക്കെതിരെ 107 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ് കരുത്തുകാട്ടിയിരിക്കുകയാണ്. വാംഖഡെയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ്, നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന പടുകൂറ്റൻ സ്കോറാണ് അടിച്ചെടുത്തത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടലാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 17.4 ഓവറിൽ 147 റൺസിന് പുറത്താവുകയായിരുന്നു. ഈ തകർപ്പൻ വിജയത്തോടെ +5.350 എന്ന വമ്പൻ നെറ്റ് റൺറേറ്റുമായി വിൻഡീസ് ഗ്രൂപ്പ് വണ്ണിൽ ഒന്നാമതെത്തി.
വെസ്റ്റ് ഇൻഡീസിന്റെ ഈ ഫോം അടുത്തതായി അവരെ നേരിടാനിരിക്കുന്ന ഇന്ത്യയ്ക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന് പരാജയപ്പെട്ട ഇന്ത്യയുടെ നിലവിൽ -3.800 എന്ന പരിതാപകരമായ നെറ്റ് റൺറേറ്റാണുള്ളത്. സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ സിംബാബ്‌വെയെയും വെസ്റ്റ് ഇൻഡീസിനെയും ഇന്ത്യയ്ക്ക് വലിയ മാർജിനിൽ തോൽപ്പിച്ചേ തീരൂ. എന്നാൽ റൺറേറ്റിന്റെ കാര്യത്തിൽ വിൻഡീസിനെയോ ദക്ഷിണാഫ്രിക്കയെയോ മറികടക്കുക ഇന്ത്യയ്ക്ക് ഏറെക്കുറെ അസാധ്യമാണ്.
Also Read: വരുണിനെ പൂട്ടാൻ പ്ലാനുണ്ടായിരുന്നു; ഇന്ത്യൻ പരാജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഡേവിഡ് മില്ലർ
ഇന്ത്യയ്ക്ക് മുന്നിൽ ഇനി സെമിയിലേക്കുള്ള വഴി മറ്റ് ടീമുകളുടെ പ്രകടനത്തെ കൂടി ആശ്രയിച്ചിരിക്കും. ഇന്ത്യ തങ്ങളുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വലിയ മാർജിനിൽ വിജയിക്കുകയും, ഒപ്പം ദക്ഷിണാഫ്രിക്ക തങ്ങളുടെ ബാക്കിയുള്ള മത്സരങ്ങളിൽ വിജയിച്ച് 6 പോയിന്റോടെ ഒന്നാമതെത്തുകയും വേണം. അങ്ങനെ വന്നാൽ 4 പോയിന്റോടെ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താം. എന്നാൽ വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ വിൻഡീസ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാൽ അവസാന മത്സരത്തിന് മുൻപ് തന്നെ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകാൻ സാധ്യതയുണ്ട്.
The post ടി20 ലോകകപ്പ്! കൂറ്റൻ ജയവുമായി വെസ്റ്റ് ഇൻഡീസ്; സൂപ്പർ എട്ടിൽ ഇന്ത്യയുടെ സെമി മോഹങ്ങൾ തുലാസിൽ appeared first on Express Kerala.



