
കൊച്ചി: ഗൂഗിൾ പേ വഴി പണമയച്ചെന്ന് വിശ്വസിപ്പിച്ച് മൊബൈൽ ഷോപ്പിൽ നിന്നും ഫോണുകൾ തട്ടിയെടുത്ത യുവാവ് പിടിയിൽ. മാള സ്വദേശി അനന്തകൃഷ്ണനെ (23) ആണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചേന്ദമംഗലം കവലയിലെ ലെറ്റ്സ് കണക്ട് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്.
ഈ മാസം 10-ന് കടയിലെത്തിയ പ്രതി 22,000 രൂപയുടെ രണ്ട് സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങി. കടയിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത ശേഷം പണം അയച്ചുവെന്ന് കാണിക്കുന്ന വ്യാജ രസീത് ജീവനക്കാരെ കാണിച്ചാണ് ഇയാൾ ഫോണുകളുമായി കടന്നത്. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം ലഭിച്ചിട്ടില്ലെന്നും കാണിച്ചത് വ്യാജ സ്ക്രീൻഷോട്ട് ആണെന്നും ഉടമ തിരിച്ചറിഞ്ഞത്. ഇയാൾ നൽകിയ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ വയനാട് സ്വദേശിയാണ് ഫോൺ എടുത്തത്. പറവൂരിലെ മറ്റു ചില വ്യാപാരികളും സമാനമായ രീതിയിൽ വഞ്ചിക്കപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.
The post 22,000 രൂപയുടെ ഫോണുകൾ വാങ്ങി, പണമയച്ചെന്ന് വ്യാജ സ്ക്രീൻഷോട്ട്; യുവാവ് പിടിയിൽ appeared first on Express Kerala.



