
പാലക്കാട്: കഞ്ചിക്കോട് ഐഐടി ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ഡാറ്റ സയൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർത്ഥിനിയും സേലം സ്വദേശിനിയുമായ യുവതിക്കാണ് തലയ്ക്ക് അടിയേറ്റത്. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം.
മറ്റ് സുഹൃത്തുക്കൾക്ക് തൊട്ടുപിന്നാലെ നടക്കുകയായിരുന്ന യുവതിയെ അജ്ഞാതൻ ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക മൊഴി. പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ തന്നെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസബ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്യാമ്പസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
The post പാലക്കാട് ഐഐടി ക്യാമ്പസിൽ അജ്ഞാതന്റെ ആക്രമണം; വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിയേറ്റു appeared first on Express Kerala.



