
തമിഴ്നാട്ടിലെ ഹെയർ ട്രാൻസ്‌പ്ലാന്റ് ചികിത്സാ രംഗത്ത് നിയന്ത്രണങ്ങൾ കർശനമാക്കിക്കൊണ്ട് തമിഴ്‌നാട് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇനി മുതൽ ഇത്തരം ചികിത്സാ കേന്ദ്രങ്ങൾ ക്ലിനിക്കൽ സ്ഥാപനങ്ങളുടെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. പ്ലാസ്റ്റിക് സർജറിയിലോ ഡെർമറ്റോളജിയിലോ ഉന്നത ബിരുദമുള്ളതും മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തതുമായ ഡോക്ടർമാർക്ക് മാത്രമേ ഇത്തരം ശസ്ത്രക്രിയകൾ നടത്താൻ അനുവാദമുള്ളൂ.
സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ഓപ്പറേഷൻ തിയേറ്ററുകളിൽ അനസ്തേഷ്യ വിദഗ്ധരുടെ സാന്നിധ്യം നിർബന്ധമാക്കിയിട്ടുണ്ട്. അതോടൊപ്പം അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനാവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങളും മരുന്നുകളും ക്ലിനിക്കുകളിൽ സജ്ജമായിരിക്കണം. ചെന്നൈ അണ്ണാനഗറിൽ അനധികൃതമായി മുടി വെച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ നടത്തിയ മൂന്നുപേർ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ദേശീയ മെഡിക്കൽ കമ്മിഷന്റെ മാർഗനിർദേശങ്ങൾക്കനുസൃതമായി നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്.
Also Read: തമിഴ്‌നാട്ടിൽ ടിവികെ-പോലീസ് വാക്പോര്! വിജയ്‌യുടെ വെല്ലൂർ യോഗത്തിന് അനുമതി വൈകിയെന്ന് പരാതി
കോസ്മെറ്റോളജി ചികിത്സ നൽകുന്ന എല്ലാ കേന്ദ്രങ്ങൾക്കും ലൈസൻസ് നിർബന്ധമാണ്. രജിസ്‌ട്രേഷനോ പുതുക്കലിനോ അപേക്ഷിക്കുമ്പോൾ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരുടെ വിവരങ്ങൾക്കൊപ്പം സാനിറ്ററി സർട്ടിഫിക്കറ്റ്, അഗ്നിരക്ഷാ ലൈസൻസ്, മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിപത്രം, ബയോ-മെഡിക്കൽ മാലിന്യസംസ്കരണ കരാർ തുടങ്ങിയവ ഹാജരാക്കണം. ഇത്തരം കേന്ദ്രങ്ങൾ പൂർണ്ണമായും യോഗ്യതയുള്ള വിദഗ്ധ ഡോക്ടർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രമേ പ്രവർത്തിക്കാവൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ബ്യൂട്ടി സലൂണുകളുടെ മറവിൽ പത്താം ക്ലാസ് പോലും യോഗ്യതയില്ലാത്തവർ ഇത്തരം സങ്കീർണ്ണമായ ശസ്ത്രക്രിയകൾ നടത്തുന്നത് മരണത്തിന് വരെ കാരണമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കും വ്യാജ ഡോക്ടർമാർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് മെഡിക്കൽ കൗൺസിൽ അറിയിച്ചു. സുരക്ഷിതമായ ചികിത്സാ സാഹചര്യം ഉറപ്പാക്കുന്നതിലൂടെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന അനധികൃത ക്ലിനിക്കുകളെ ഇല്ലാതാക്കുകയാണ് ഈ നിയമപരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
The post മുടി വെച്ചുപിടിപ്പിക്കൽ ഇനി അത്ര എളുപ്പമല്ല; തമിഴ്‌നാട്ടിൽ നിയമങ്ങൾ കർശനമാക്കി appeared first on Express Kerala.



