നയപ്രഖ്യാപന പ്രസംഗത്തിൽ താൻ വായിക്കാതെ വിട്ട ഭാഗങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന ഗവർണറുടെ അസാധാരണ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. താൻ സഭയിൽ വായിച്ച ഭാഗങ്ങൾ മാത്രമേ ഔദ്യോഗിക രേഖകളിൽ ഉണ്ടാകാവൂ എന്ന് കാണിച്ച് ഗവർണർ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ഈ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും നിലവിലുള്ള നിയമസഭാ കീഴ്വഴക്കങ്ങളിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. ഇതോടെ, ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടെയുള്ള പൂർണ്ണരൂപം തന്നെയാകും നിയമസഭയുടെ ഔദ്യോഗിക രേഖകളിൽ നയപ്രഖ്യാപനമായി നിലനിൽക്കുക.
മന്ത്രിസഭ അംഗീകരിച്ച് നൽകുന്ന കരട് രേഖയാണ് ഗവർണർ സഭയിൽ അവതരിപ്പിക്കുന്നതെന്നും അത് ഗവർണറുടെ വ്യക്തിപരമായ അഭിപ്രായമല്ല, മറിച്ച് ‘സർക്കാരിന്റെ’ നയങ്ങളാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. നയപ്രഖ്യാപനത്തിലെ ഏതെങ്കിലും കാര്യത്തിൽ ഗവർണർക്ക് ഭിന്നാഭിപ്രായം ഉണ്ടെങ്കിൽ അത് നേരത്തെ മുഖ്യമന്ത്രിയെ അറിയിക്കുന്നതായിരുന്നു മുൻകാലങ്ങളിലെ രീതി. എന്നാൽ ഇത്തവണ ഒഴിവാക്കിയ ഭാഗങ്ങളെക്കുറിച്ച് കത്ത് മുഖേനയോ നേരിട്ടോ ഗവർണർ സർക്കാരിനെ മുൻകൂട്ടി വിവരമറിയിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Also Read: ക്ഷേമ പെൻഷൻ നാളെ മുതൽ; 62 ലക്ഷം പേർക്ക് 2,000 രൂപ വീതം ലഭിക്കും
ഗവർണർമാർ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കുന്നത് മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും, ഔദ്യോഗിക രേഖകളിൽ നിന്ന് അവ നീക്കം ചെയ്യണമെന്ന ആവശ്യം ഗൗരവകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു. ഗവർണറുടെ ആവശ്യം അംഗീകരിച്ചാൽ, മുൻ ഗവർണർമാർ സഭയിൽ വായിച്ച ഭാഗങ്ങൾ മാത്രമേ രേഖകളിൽ ഉണ്ടാകൂ എന്ന സാഹചര്യം വരുമെന്നും ഇത് ഭരണഘടനാപരമായ കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. സർക്കാരിന്റെ നിലപാടിന് സഭ അംഗീകാരം നൽകിയതോടെ ഗവർണർ-സർക്കാർ പോര് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.
The post ഗവർണറുടെ ആവശ്യം തള്ളി നിയമസഭ! നയപ്രഖ്യാപനത്തിലെ ഒഴിവാക്കിയ ഭാഗങ്ങൾ സഭാരേഖകളിൽ നിലനിൽക്കും appeared first on Express Kerala.



