
റമദാൻ വ്രതകാലത്ത് ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ ജീവിതശൈലിയും പിന്തുടരുന്നത് ശരീരത്തിന് ഏറെ ഗുണകരമാണെന്ന് ആരോഗ്യവിദഗ്ധർ. നോമ്പുതുറക്കുമ്പോഴും അത്താഴസമയത്തും ഭക്ഷണത്തിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ അത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും. പ്രത്യേകിച്ചും പ്രമേഹരോഗികൾ വ്രതമെടുക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യതിയാനം വരാതെ ശ്രദ്ധിക്കണം.
നോമ്പുതുറയിൽ വേണം മിതത്വം
പകൽ മുഴുവൻ നീണ്ട വ്രതത്തിന് ശേഷം പെട്ടെന്ന് അമിതമായി ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കും. വിധിപ്രകാരം വെള്ളവും ഈന്തപ്പഴവും കഴിച്ച് അന്നനാളത്തെ ഉണർത്തുന്നതാണ് ശാസ്ത്രീയമായ രീതി. വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണം, മൂന്നിലൊരു ഭാഗം വെള്ളം എന്നിങ്ങനെ ക്രമീകരിക്കണം. ബാക്കി ഭാഗം ശ്വസനത്തിനായി ഒഴിച്ചിടണമെന്ന പ്രവാചക നിർദേശം ആരോഗ്യപരമായും പ്രസക്തമാണ്.
Also Read: രുചിയുടെ തനിമയിൽ ചിക്കൻ ഇലയട! ഇഫ്താർ വിരുന്നുകൾക്ക് മാറ്റുകൂട്ടാൻ ഒരു നാടൻ വിഭവം
നാരങ്ങാവെള്ളം ഒഴിവാക്കാം
നോമ്പുതുറക്കുമ്പോൾ നാരങ്ങാവെള്ളം, ഓറഞ്ച് ജ്യൂസ് തുടങ്ങിയ പുളിരസമുള്ള (Citrus) പാനീയങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം. ഇവ ശൂന്യമായ വയറ്റിൽ അസിഡിറ്റി ഉണ്ടാക്കാൻ സാധ്യതയുണ്ട്. പാനീയങ്ങളിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതും മധുരപലഹാരങ്ങൾ നിയന്ത്രിക്കുന്നതും ഉത്തമമാണ്. വ്രതമില്ലാത്ത സമയങ്ങളിൽ ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കണം.
അത്താഴം – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അന്നജം പ്രധാനം: ചപ്പാത്തി, ബ്രെഡ്, കുത്തരിച്ചോറ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വെള്ളച്ചോറ് ഒഴിവാക്കുന്നതാണ് നല്ലത്.
പ്രോട്ടീൻ: പരിപ്പ്, പയർ വർഗങ്ങൾ, വെജിറ്റബിൾ കുറുമ എന്നിവ നല്ലതാണ്. എന്നാൽ റെഡ് മീറ്റ് (ബീഫ് പോലുള്ളവ) ഒഴിവാക്കുന്നതാണ് ഉചിതം.
സമയം: അത്താഴം കഴിവതും സൂര്യോദയത്തോട് അടുത്ത സമയത്ത് കഴിക്കാൻ ശ്രദ്ധിക്കണം. ഇത് പകൽ സമയത്തെ ക്ഷീണം കുറയ്ക്കാൻ സഹായിക്കും.
പ്രമേഹരോഗികൾ ശ്രദ്ധിക്കാൻ
പ്രമേഹമുള്ളവർ വ്രതം തുടങ്ങുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടുന്നത് നിർബന്ധമാണ്. ഇൻസുലിന്റെയോ ഗുളികയുടെയോ അളവിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കണം.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ പരിശോധിക്കുക.
- പഞ്ചസാരയുടെ അളവ് 70 mg/dl ൽ താഴെയോ 250 mg/dl ന് മുകളിലോ പോകാതെ ശ്രദ്ധിക്കണം.
- ടൈപ്പ് 1 പ്രമേഹമുള്ളവർ ടൈപ്പ് 2 വിഭാഗത്തേക്കാൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഭക്ഷണം സാവകാശം ചവച്ചരച്ച് കഴിക്കുന്നത് ദഹനക്കേട് ഒഴിവാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും സഹായിക്കുമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post റമദാൻ വ്രതം! ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാം; പ്രമേഹരോഗികൾ ജാഗ്രത പാലിക്കണം appeared first on Express Kerala.



