
ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണ്ണായക മത്സരത്തിൽ സിംബാബ്‌വെയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ അനിവാര്യമാണെന്ന് മുൻ താരം ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയോടേറ്റ വമ്പൻ തോൽവിയും ബാറ്റിംഗ് നിരയിലെ പാളിച്ചകളും കണക്കിലെടുത്ത് പ്ലേയിംഗ് ഇലവനിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമായ നിർദ്ദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്. നിലവിൽ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാരും ഇടംകൈയ്യന്മാരായത് ടീമിന് ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഇത് പരിഹരിക്കാൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നും പത്താൻ പറഞ്ഞു.
മൂന്നാം നമ്പറിൽ കളിച്ചപ്പോൾ 158.53 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 864 റൺസ് നേടിയ ചരിത്രം സൂര്യകുമാറിനുണ്ട്. സൂര്യ മൂന്നാമനായും തിലക് വർമ്മ നാലാമനായും വരുന്നത് ബാറ്റിംഗ് ഓർഡറിൽ സന്തുലിതാവസ്ഥ കൊണ്ടുവരാൻ സഹായിക്കും. ബൗളിംഗ് നിരയിൽ പരിചയസമ്പന്നനായ അക്സർ പട്ടേലിനെ തിരികെ കൊണ്ടുവരണമെന്നും പത്താൻ വാദിക്കുന്നു. ഇടംകൈയ്യൻ ബാറ്റർമാർക്കെതിരെ മികച്ച രീതിയിൽ പന്തെറിയുന്നതിനൊപ്പം വാലറ്റത്ത് ബാറ്റിംഗിൽ കരുത്ത് പകരാനും അക്സറിന് സാധിക്കും. കൂടാതെ, വെസ്റ്റ് ഇൻഡീസിനെതിരായ വലിയ മത്സരത്തിന് മുന്നോടിയായി കുൽദീപ് യാദവിനെ സിംബാബ്‌വെക്കെതിരെ കളിപ്പിച്ച് ഫോം കണ്ടെത്താൻ അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ശബരിമലയിലെ ആചാരങ്ങൾ തുടരണം! വി.ഡി സതീശന്റെ മുഖം കണ്ട് ആരും വോട്ട് ചെയ്യില്ല; വെള്ളാപ്പള്ളി നടേശൻ
മലയാളി താരം സഞ്ജു സാംസണെ ടീമിലെടുക്കുന്നതിനെക്കുറിച്ച് മാനേജ്‌മെന്റ് ചിന്തിക്കുന്നുണ്ടാകാമെങ്കിലും നിലവിൽ അക്സർ പട്ടേലിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മിതമായ മാറ്റങ്ങൾ മാത്രമേ പ്ലേയിംഗ് ഇലവനിൽ ആവശ്യമുള്ളൂ എന്നാണ് ഇർഫാൻ പത്താന്റെ നിലപാട്. സൂപ്പർ എട്ടിലെ ആദ്യ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യക്ക് സെമി സാധ്യതകൾ നിലനിർത്താൻ സിംബാബ്‌വെക്കെതിരെ വിജയം അനിവാര്യമാണ്. വെസ്റ്റ് ഇൻഡീസ് സിംബാബ്‌വെയെ പരാജയപ്പെടുത്തിയത് ഇന്ത്യയുടെ സെമി മോഹങ്ങൾക്ക് നിലവിൽ വലിയ വെല്ലുവിളിയായിരിക്കുകയാണ്.
The post സിംബാബ്‌വെക്കെതിരെ സൂര്യകുമാർ മൂന്നാമനായി ഇറങ്ങണം; ഇന്ത്യൻ ടീമിൽ അഴിച്ചുപണി വേണമെന്ന് ഇർഫാൻ പത്താൻ appeared first on Express Kerala.



