
ഡൽഹിയിൽ നിന്ന് ലേയിലേക്ക് 150 യാത്രക്കാരുമായി പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം എൻജിൻ തകരാറിനെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. ബോയിംഗ് 737 എസ്ജി 121 (SG 121) വിമാനമാണ് പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഇന്ന് രാവിലെ 6.08-ന് യാത്ര ആരംഭിച്ച വിമാനത്തിൽ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പൈലറ്റ് ‘മെയ്‌ഡേ’ സന്ദേശം കൈമാറുകയായിരുന്നു. വിമാനത്തിന്റെ എൻജിനുകളിലൊന്നിൽ തകരാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അതീവ ജാഗ്രതയോടെയാണ് പൈലറ്റ് വിമാനം തിരിച്ചുവിട്ടത്.
അടിയന്തര ലാൻഡിംഗിനുള്ള സന്ദേശം ലഭിച്ചതോടെ ഡൽഹി വിമാനത്താവള അധികൃതർ പ്രോട്ടോക്കോൾ അനുസരിച്ചുള്ള എല്ലാ സജ്ജീകരണങ്ങളും റൺവേയിൽ ഒരുക്കിയിരുന്നു. രാവിലെ 6.49-ഓടെ വിമാനം റൺവേയിലിറങ്ങിയതോടെ വലിയൊരു അപകടസാധ്യതയാണ് ഒഴിവായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സാങ്കേതിക തകരാറിനെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.
The post എൻജിൻ തകരാർ; സ്പൈസ് ജെറ്റ് വിമാനം ഡൽഹിയിൽ അടിയന്തരമായി നിലത്തിറക്കി appeared first on Express Kerala.



