
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സർക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതി സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സർക്കാർ നടത്തിയത്. ഇതിന് മുഖ്യമന്ത്രിക്കെന്നല്ല ആർക്കും അവകാശമില്ലെന്നും, ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനം ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർക്ക് ഡിഎയും അലവൻസും നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വാട്‌സ്ആപ്പ് വഴിയാണ് എല്ലാവരിലും എത്തിയത്. ജഡ്ജിമാർക്ക് വരെ ഇത്തരത്തിൽ സന്ദേശം ലഭിച്ചതായാണ് അറിയുന്നത്. ഇതേത്തുടർന്നാണ് കോടതി ഇടപെട്ട് ഇത് തടഞ്ഞത്. ഇത് ഗുരുതരമായ തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അധികാര ദുർവിനിയോഗം നടത്തിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Also Read:“ഇത് പ്രൊപ്പഗാണ്ടയല്ല, സെപ്റ്റിക് ടാങ്ക് മൂവി”; കേരള സ്റ്റോറി 2വിനെതിരെ ജോൺ ബ്രിട്ടാസ്
കഴിഞ്ഞ ഞായറാഴ്ച തന്നെ താൻ ഈ വിവരച്ചോർച്ച പുറത്തുവിട്ടിരുന്നു. എന്നാൽ കൃത്യമായ മറുപടി നൽകാതെ ചീഫ് സെക്രട്ടറിയെക്കൊണ്ട് ഒഴുക്കൻ മറുപടി പറയിച്ച് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. വിദേശ കമ്പനി ആരോഗ്യവിവരങ്ങൾ ചോർത്തിയ ‘സ്പ്രിംഗ്‌ളർ’ വിവാദത്തിലും സമാനമായ രീതിയിൽ സെക്രട്ടറി ശിവശങ്കരനെ മുന്നിൽ നിർത്തി മുഖ്യമന്ത്രി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പുട്ടസ്വാമി കേസിലെ സുപ്രീം കോടതി വിധി പ്രകാരം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം നിയമവിരുദ്ധമാണെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.
The post ഉദ്യോഗസ്ഥരുടെ ഡാറ്റാ ചോർച്ച: മുഖ്യമന്ത്രി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല appeared first on Express Kerala.



