
രാജ്യത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ആർ. നല്ലകണ്ണ് (101) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലളിതജീവിതം കൊണ്ടും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യം കൊണ്ടും തമിഴ്‌നാട് രാഷ്ട്രീയത്തിൽ വേറിട്ടുനിന്ന അദ്ദേഹം, കർഷക പ്രക്ഷോഭങ്ങളിലൂടെയാണ് ജനകീയ നേതാവായി ഉയർന്നുവന്നത്.
1925-ൽ ശ്രീവൈകുണ്ഡത്തിൽ ജനിച്ച നല്ലകണ്ണ്, വിദ്യാർത്ഥിയായിരിക്കെത്തന്നെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ സജീവമായിരുന്നു. 1944-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന അദ്ദേഹം തന്റെ പ്രവർത്തനം ചെന്നൈയിലേക്ക് വ്യാപിപ്പിക്കുകയും പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്തു.
നീണ്ട 13 വർഷം സിപിഐയുടെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം തമിഴ്‌നാട് രാഷ്ട്രീയത്തിലെ ആദരണീയ വ്യക്തിത്വമായിരുന്നു. പൊതുപ്രവർത്തനത്തിലെ അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് തമിഴ്‌നാട് സർക്കാർ 2022-ൽ ‘തഗൈസൽ തമിഴർ’ പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. രാഷ്ട്രീയ കേരളവുമായും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു മഹാനായ വിപ്ലവകാരിയാണ് ഇതോടെ വിടവാങ്ങുന്നത്.
The post വിപ്ലവ വഴികളിലെ തളരാത്ത പോരാളി; സിപിഐ നേതാവ് ആർ. നല്ലകണ്ണ് ഇനി ഓർമ്മ appeared first on Express Kerala.



