
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യവകുപ്പ് മന്ത്രി സഖാവ് വീണാ ജോർജിന് പരിക്ക് പറ്റിയതിൽ പ്രതികരിച്ച് സജി ചെറിയാൻ. കെ.എസ്.യു ക്രിമിനലുകൾ നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു രാഷ്ട്രീയ പ്രതിഷേധമല്ല, മറിച്ച് അക്രമിസംഘത്തെ അഴിച്ചുവിട്ട് മന്ത്രിക്കെതിരെ നടത്തിയ ആസൂത്രിതമായ ഗുണ്ടായിസമാണ് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ട്രെയിൻ കയറാൻ പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോയ ഒരു വനിതാ മന്ത്രിക്കെതിരെ ഇത്തരത്തിൽ കയ്യേറ്റം നടത്തുന്നത് രാഷ്ട്രീയമല്ല, ശുദ്ധമായ ആഭാസമാണ്. കേരളത്തിന്റെ ആരോഗ്യമേഖല ലോകത്തിന് തന്നെ മാതൃകയാണെന്നത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ച വസ്തുതയാണ്. ഈ നേട്ടങ്ങളെ ഇല്ലാതാക്കാൻ നോക്കുന്നവർ, ഇല്ലാത്ത കാര്യങ്ങൾ പർവ്വതീകരിച്ച് കാട്ടി മന്ത്രിക്കെതിരെ തിരിയുന്നത് ജനങ്ങൾ തിരിച്ചറിയും എന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
Also Read: ‘ഞങ്ങൾ പ്രതികരിച്ചാൽ താങ്ങില്ല’! വീണാ ജോർജിനെതിരായ ആക്രമണത്തിൽ വി. ശിവൻകുട്ടിയുടെ മുന്നറിയിപ്പ്
അതേസമയം കോൺഗ്രസ് നേതൃത്വം തങ്ങളുടെ അണികളെ കയറൂരി വിട്ട് നാട്ടിലെ സമാധാനം തകർക്കാമെന്നും കലാപം ഉണ്ടാക്കാമെന്നും മോഹിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ജനാധിപത്യപരമായ വഴികളുണ്ട്. അതിനു പകരം കായികമായി നേരിടാനാണ് ഭാവമെങ്കിൽ, അത്തരം അക്രമങ്ങളെ സർക്കാരും പാർട്ടിയും ഒട്ടും വിട്ടുവീഴ്ചയില്ലാതെ ശക്തമായി തന്നെ നേരിടും. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ അന്തരീക്ഷം മലീമസമാക്കുന്ന യുഡിഎഫ് ശൈലിയുടെ പ്രതിഫലനമാണ് കണ്ണൂരിൽ കണ്ടെത് എന്ന് അദ്ദേഹം ആരോപിച്ചു.
The post കണ്ണൂരിലേത് രാഷ്ട്രീയമല്ല, ശുദ്ധമായ ആഭാസം; കോൺഗ്രസ് അണികളെ കയറൂരി വിടുന്നുവെന്ന് സജി ചെറിയാൻ appeared first on Express Kerala.



